‘രാജ്യത്ത് നടക്കുന്നത് സമാനതകളില്ലാത്ത ഐതിഹാസിക പോരാട്ടം, ഇന്ത്യ ഒന്നാകെ കര്‍ഷകര്‍ക്കൊപ്പം’; കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കുടപിടിക്കുന്ന കേന്ദ്രത്തിനെതിരെ ജെ. മേഴ്‌സിക്കുട്ടിയമ്മ

സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,ഡജ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ഏത് വിധേനയും പൊതു സമ്പത്ത് സ്വകാര്യ മേഖലയില്‍ എത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്ന ഹീനമായ ശ്രമങ്ങളില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയും ഒരു ചരക്കായി മാറി എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മേഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന്റെ ദുരന്തം സമീപ ഭാവിയില്‍ അനുഭവിക്കേണ്ടി വരുക രാജ്യത്തെ കര്‍ഷക ജനത മാത്രമല്ല പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനസംഖ്യയിലെ മഹാ ഭൂരിപക്ഷമായിരിക്കും എന്നത് സത്യമാണ് . ഇപ്പോള്‍ തന്നെ ഹിമാചല്‍ പ്രദേശിലും , ഹരിയാനയിലും മറ്റും ഇതിന്റെ ദുരന്ത ചിത്രങ്ങള്‍ നാം കണ്ടു കഴിഞ്ഞു.

വന്‍കിട മുതലാളിത്തം, അതിന്റെ മൂലധനം, അതിന്റെ നയങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക് ചെറുതോതില്‍ കടന്നു വന്നതിന്റെ മാത്രം ഫലം രാജ്യത്തെ ലക്ഷക്കണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ഇത് സാധരണ ജനതയുടെ ഈ രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാണ്. ഇതിനെ ചൂണ്ടി കാണിക്കുമ്പോള്‍, അതില്‍ തിരുത്തല്‍ വേണം എന്ന് ആവശ്യപ്പെടുമ്പോള്‍ അതുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് സംഘപരിവാര്‍ നിയന്ത്രിത കേന്ദ്ര ഭരണകൂടം ശ്രമിച്ചു വരുന്നതെന്നും മന്ത്രി കുറിച്ചു.

മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

രാജ്യത്ത് കർഷക പ്രക്ഷോഭം രണ്ടരമാസം പിന്നിടുകയാണ്. സമാനതകൾ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിൻ്റെ അതിർത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,UP, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലുമായി നടന്നു കൊണ്ടിരിക്കുന്നത്.
11 തവണ ചർച്ച നടത്തിയിട്ടും കേന്ദ്ര സർക്കാരിന് കർഷകജനത ഉയർത്തിയ ആവശ്യങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്ത്യയുടെ എല്ലാ ഭാഗത്തും, സംസ്ഥാനങ്ങളിലും ഈ മഹാ സമരത്തിൻ്റെ അലയൊലികൾ എത്തിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനത ഒന്നാകെ ഈ ഐതിഹാസികമായ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അതിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ രാജ്യം ഒന്നാകെ ഇന്ന് നമ്മുടെ കർഷകർക്കും അവർ ഉയർത്തിയ ആശങ്കകൾക്കും അവരുടെ പ്രതിഷേധത്തിനും ഒപ്പമാണിന്ന് .
ഏത് വിധേനയും പൊതു സമ്പത്ത് സ്വകാര്യ മേഖലയിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ഹീനമായ ശ്രമങ്ങളിൽ ഇന്ത്യയുടെ കാർഷിക മേഖലയും ഒരു ചരക്കായി മാറി എന്നതാണ് യാഥാർത്ഥ്യം.
ഇതിൻ്റെ ദുരന്തം സമീപ ഭാവിയിൽ അനുഭവിക്കേണ്ടി വരുക രാജ്യത്തെ കർഷക ജനത മാത്രമല്ല പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനസംഖ്യയിലെ മഹാ ഭൂരിപക്ഷമായിരിക്കും എന്നത് സത്യമാണ് . ഇപ്പോൾ തന്നെ ഹിമാചൽ പ്രദേശിലും , ഹരിയാനയിലും മറ്റും ഇതിൻ്റെ ദുരന്ത ചിത്രങ്ങൾ നാം കണ്ടു കഴിഞ്ഞു.
കോർപ്പറേറ്റ് ഭീമന്മാർ ചുളു വില നൽകി വലിയ തോതിൽ ഉത്പന്നങ്ങൾ സംഭരിച്ച് , കൊള്ള ലാഭത്തിന് മറിച്ചു വിൽക്കുന്നു എന്ന വാർത്തകൾ ചിത്രങ്ങൾ സഹിതം പുറത്തു വന്നത് ഈ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന കാലത്തു തന്നെയാണ് .
എല്ലാം കോർപ്പറേറ്റ് വത്ക്കരിച്ച് രാജ്യത്തിൻ്റെ പൊതു സമ്പത്താകെ ഏതാനും കുത്തക മുതലാളിമാരുടെ ഇഷ്ടത്തിനായി അവരുടെ സ്വാർത്ഥലാഭത്തിനായി വിട്ടു കൊടുക്കുന്ന നയം ഇന്ത്യയിൽ ആരംഭിച്ചിട്ട് ഏതാനും വർഷങ്ങൾ ആയി. ഇപ്പോൾ രാജ്യാധികാരം കൈയാളുന്ന BJP ഇതിൻ്റെ ശക്തരായ പ്രയോക്താക്കളായി മാറി.
ഇന്ന്, അത് നമ്മുടെ രാജ്യത്തിൻ്റെ നട്ടെല്ലായ , ജീവനാഡിയായ കാർഷിക മേഖലയെയും പിടികൂടിയിരിക്കുന്നു. വർഷം തോറും ആയിരക്കണക്കിന് കൃഷിക്കാർ ആത്മഹത്യയിൽ അഭയം തേടുന്ന നാടാണിന്ന് നമ്മുടെ ഇന്ത്യ . വൻകിട മുതലാളിത്തം, അതിൻ്റെ മൂലധനം, അതിൻ്റെ നയങ്ങൾ ഇന്ത്യൻ കാർഷിക മേഖലയിലേക്ക് ചെറുതോതിൽ കടന്നു വന്നതിൻ്റെ മാത്രം ഫലം രാജ്യത്തെ ലക്ഷക്കണക്കിന് കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൻ്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
മഹാരാഷ്ട്രയിലും UP യിലും ആന്ധ്രയിലും എന്നു വേണ്ട ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും കർഷകൻ്റെ ഈ ദുരിത ജീവിതം വരച്ചു കാട്ടിയതാണ്. ഇന്നും അത് തുടരുകയാണ് . ആ അവസ്ഥയെ ഒന്നു കൂടി മൂർഛിപ്പിച്ച് സർവ്വനാശത്തിലേക്ക് നയിക്കുന്ന ഒന്നായി മാറുകയാവും ഇത്തരം ഒരു കാർഷിക നയത്തിൻ്റെ പ്രായോഗികതയിലൂടെ ഇവിടെ സംഭവിക്കാൻ പോകുന്ന കാര്യം.
ഇത് തിരിച്ചറിഞ്ഞ് ഇതുവരെയുള്ള സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ കർഷകർ അതിജീവനത്തിൻ്റെ പോർമുഖം തുറന്നിരിക്കുന്നത്.
ഇതിനോട് ഐക്യപ്പെടാതെ, ഈ പോരാട്ടത്തിൻ്റെ ഭാഗമാവാതെ ഒരു മനുഷ്യനും മാറി നിൽക്കാൻ ആവില്ല. കാരണം ഇത് സാധരണ ജനതയുടെ ഈ രാജ്യത്തിൻ്റെ തന്നെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ്.
ജനസംഖ്യയിൽ 80 ശതമാനത്തിലധികവും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇന്ത്യ പോലൊരു നാടിനെ സംബന്ധിച്ച് ലക്കും ലഗാനുമില്ലാതെ കൃഷിഭൂമിയിൽ നടത്തുന്ന സ്വകാര്യവത്ക്കരണം വൻ വിപത്താവും നൽകുക .
ഇതിനെ ചൂണ്ടി കാണിക്കുമ്പോൾ, അതിൽ തിരുത്തൽ വേണം എന്ന് ആവശ്യപ്പെടുമ്പോൾ അതുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് സംഘപരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടം ശ്രമിച്ചു വരുന്നത് .
സമരത്തിൻ്റെ ആരംഭ നാൾ മുതൽ BJP കേന്ദ്രങ്ങൾ ഉയർത്തുന്ന ഖാലിസ്ഥാൻ വാദം ഇതിനുദാഹരണമാണ്.
ഏത് വിധേനയും ഈ സമരത്തെ തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സർക്കാരിനുള്ളത് .
ഇത്തരം ലക്ഷ്യം വച്ചു കൊണ്ട് നടത്തുന്ന ഏത് ചർച്ചയാണ് ഫലം കാണുക ???
സമരകേന്ദ്രങ്ങളിൽ ഒളിച്ചു കടന്ന് കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാൻ
നിരവധി തവണയാണ് സംഘപരിവാർ ശക്തികൾ ശ്രമിച്ചത്.
ഇത്തരം കുത്സിത ശക്തികളെ കയ്യോടെ തന്നെ പിടികൂടാൻ കർഷകർക്കായി, അതൊക്കെ ചർച്ചയായി മാറിയതുമാണ്.
മാത്രമല്ല റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ട്രാക്ടർ റാലിക്കിടയിൽ നുഴഞ്ഞു കയറിയ ഒരു കൂട്ടം അക്രമികൾ കാട്ടി കൂട്ടിയ കോപ്രായത്തരങ്ങൾ, വ്യാപകമായ വിമർശനങ്ങളും ,പഴികളുമാണ് അതിൻ്റെ പേരിൽ കർഷകർക്ക് കേൾക്കേണ്ടി വന്നത്.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, യഥാർത്ഥത്തിൽ ആ സംഘം ആരാണ് എന്നും അവരുടെ പുറകിൽ ഉള്ള ശക്തികൾ ഏതാണെന്നുമൊക്കെ പുറത്തു വന്നു .
സംഘപരിവാർ ബന്ധമുള്ള ആളുകൾ കൃത്യമായ പദ്ധതിയിട്ട് നടപ്പിലാക്കിയ നെറികേടുകളാണതൊക്കെയെന്ന് രാജ്യം തിരിച്ചറിഞ്ഞു.
അതു മാത്രമോ ആ റാലി തടയാൻ വേണ്ടി വഴി നീളെ പോലീസ് ഉയർത്തിയ പ്രതിബന്ധങ്ങൾ എത്രയായിരുന്നു.
രാജ്യങ്ങളുടെ അതിർത്തിയിൽ പോലും സ്ഥാപിച്ചു കണ്ടിട്ടില്ലാത്ത
ബാരിക്കേഡുകളും വലിയ കോൺക്രീറ്റ് മറകളും ഒക്കെയാണ് അടുക്കി അടുക്കി വച്ചത്.
അതിനു പുറമേ മുന കൂർപ്പിച്ച കമ്പി കഷ്ണങ്ങൾ റോഡിലാകെ പിടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഇതൊക്കെ യഥാസ്ഥാനത്ത് നിലനിർത്തിയിരിക്കുകയാണിപ്പോഴും ഭരണകൂടം എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഈ രാജ്യത്തെ മനുഷ്യരെ ഇത്രമാത്രം BJP ഭയക്കുന്നു എന്നാണോ ?? അവരോട് ഇത്രയും മനുഷ്യത്വരഹിതമായി തീർത്തും ജനാധിപത്യ രഹിതമായി പെരുമാറാൻ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ,ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തേണ്ട ഒരു സർക്കാരിന് എങ്ങിനെ കഴിയുന്നു ??
സാധാരണ മനുഷ്യനെ ആശ്ചര്യപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ ചെയ്തികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത് തിരുത്തേണ്ടതാണ്.
കേന്ദ്ര സർക്കാർ അതിനു തയ്യാറാവണം . മുൻ വിധികളും ഗൂഢലക്ഷ്യങ്ങളുമില്ലാതെ നല്ല മനസോടെ ശുദ്ധമായ ലക്ഷ്യത്തോടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം.
200 ഓളം കർഷകരാണ് ഇതുവരെയായി സമരമുഖത്ത് കൊടും തണുപ്പിലും മറ്റ് പല കാരണത്താലും മരണപ്പെട്ടത് .
ഈ രാജ്യത്തെ സാധാരണ മനുഷ്യരാണവർ.
ഇത് പറയുന്ന നിമിഷങ്ങളിൽ രാജസ്ഥാനിലും UP യിലും ഹരിയാനയിലും ഒക്കെ കർഷകരുടെ മഹാ പഞ്ചായത്തുകൾ നടക്കുകയാണ്.
സമര രംഗത്ത് കൂടുതൽ കരുത്തോടെ ,അവകാശങ്ങൾ നേടും വരെ ,ലക്ഷ്യം കാണുന്നതു വരെ പോരാട്ടം തുടരാനുള്ള തീരുമാനത്തിലാണ് അവർ.
മഹാ പഞ്ചായത്തുകളിൽ ഒഴുകി എത്തുന്ന കർഷക പോരാളികൾ രാജ്യത്തെ ജനസാമാന്യത്തിന് നൽകുന്നത് ആവേശപൂർവ്വമായ കാഴ്ച തന്നെയാണ് .
ഇന്ത്യയുടെ കാർഷിക മേഖലയെ ജനകീയമായി സംരക്ഷിച്ചു നിർത്താൻ നമ്മുടെ സഹോദരങ്ങൾ നടത്തുന്ന ഈ ചരിത്ര സമരത്തിന് ഹൃദയം കൊണ്ട് നമുക്ക് അഭിവാദ്യം നേരാം .., നമുക്കും ഈ ജനാധിപത്യ പ്രക്ഷോഭത്തിൽ ഒരു കണ്ണിയായി മാറാം ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News