‘കോവിഡ് വാക്‌സിനേഷന് ആശങ്ക വേണ്ട, ഊഴമെത്തുമ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരിക്കാം’ ; അനുഭവം പങ്കുവെച്ച് തിരുവനന്തപുരം കളക്ടര്‍

സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു.  ഇപ്പോള്‍ വാക്‌സിനേഷന്‍ സമയത്ത് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ.

കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടുവെന്നും ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന്  പ്രതീക്ഷിക്കുന്നതായും ആശങ്കവേണ്ടെന്നും നവജ്യോത് ഖോസ ഫേസ്ബുക്കില്‍ കുറിച്ചു.

ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണമാണെന്ന് മനസിലാക്കുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.

നമ്മുടെ ഊഴം വരുമ്പോള്‍ വാക്‌സിന്‍ എടുക്കാന്‍ നമുക്ക് തയ്യാറായിരിക്കാം. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 42381 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ന് മുതല്‍ റവന്യൂ, പോലീസ്, ഫയര്‍ & റെസ്‌ക്യൂ, എല്‍എസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും നവജ്യോത് ഖോസ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കളക്ടര്‍ തന്റെ അനുഭവം കുറിച്ചത്.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരേ, ഉറപ്പുനല്‍കിയതു പോലെ, എന്റെ ഊഴം വന്നപ്പോള്‍ ഞാനും കോവിഡ് വാക്‌സിന്‍ എടുത്തു.

വാക്സിന്‍ എടുക്കുന്നതിന് മടിക്കാതെ മുന്നോട്ട് വരുമെന്നും സ്വന്തം ഊഴം വരുന്നതു വരെ അതിനായി കാത്തിരിക്കുമെന്നും പ്രതിജ്ഞ എടുത്തു കൊണ്ടാണ് നമ്മള്‍ ജനുവരി 16 മുതല്‍ വാക്‌സിന്‍ ഡ്രൈവ് ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 42381 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ന് മുതല്‍ റവന്യൂ, പോലീസ്, ഫയര്‍ & റെസ്‌ക്യൂ, എല്‍എസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.

വാക്‌സിനേഷന്‍ സമയത്ത് എനിക്ക് ഉണ്ടായ അനുഭവം കൂടി പങ്കുവെക്കുന്നു. കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടു. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ ഊഴം വരുമ്പോള്‍ വാക്‌സിന്‍ എടുക്കാന്‍ നമുക്ക് തയ്യാറായിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News