നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വാര്‍ത്ത അടിസ്ഥാനരഹിതം ; പാര്‍വ്വതി തിരുവോത്ത്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. പാര്‍വ്വതിയെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വ്വതി വ്യക്തമാക്കി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടിയെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടാണ് പാര്‍വ്വതി പ്രതികരിച്ചത്.

അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അത്തരം ലേഖനങ്ങളില്‍ ലജ്ജ തോന്നുന്നുവെന്നും മത്സരത്തെക്കുറിച്ച് താന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്നും, ഈ ആവശ്യവുമായി ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത തിരുത്തണമെന്നും പാര്‍വ്വതി വ്യക്തമാക്കി.

കര്‍ഷകസമരത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് പാര്‍വ്വതി എത്തിയിരുന്നു. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. എല്ലാ രീതിയിലും താന്‍ കര്‍ഷ സമരത്തിനൊപ്പമാണെന്നും ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും ‘എല്ലാ രീതിയിലും താന്‍ കര്‍ഷകരുടെ കൂടെയാണെന്നും അതില്‍ മറ്റൊരു വശമില്ലെന്നും പാര്‍വതി പറഞ്ഞു.

കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെ പാര്‍വ്വതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണെന്നും പാര്‍വതി വിമര്‍ശിച്ചിരുന്നു.

കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാര്‍ഗ്ഗം അവരില്‍ നിന്ന് കട്ടെടുക്കരുതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ടെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമര്‍ശിച്ചുകൊണ്ട് പാര്‍വ്വതി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News