‘ആര്‍എസ്എസിന്റെ കേസും നാണംകെട്ട പണിമുടക്കും’ ; പ്രതിപക്ഷത്തിന് താക്കീതുമായി തോമസ് ഐസക്ക്

ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച ആര്‍എസ്എസ് ബന്ധമുള്ള സംഘടനയ്‌ക്കെതിരെ മന്ത്രി തോമസ് ഐസക്ക്. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും Our Independent Organisation of People എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഈ സംഘടനുടെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ പുറത്തുവന്നിട്ടുള്ളതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്തെങ്കിലും പേരുപറഞ്ഞ് കോലാഹലമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണിച്ച മുഖമാണ് ഈ സമരത്തില്‍ നാം കണ്ടത്. ജീവനക്കാര്‍ അത് തിരസ്‌കരിച്ച രീതി നോക്കി തെറ്റ് തിരുത്താന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്‍മാര്‍ തയ്യാറാവുകയാണ് വേണ്ടത്.

ഇത്തരത്തില്‍ ആര്‍എസ്എസും കോണ്‍ഗ്രസും ഏതാണ്ട് അത്ഭുതാവഹമായ ഐക്യത്തോടെ സര്‍ക്കാരിന്റെ ജനപ്രിയതയെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കേരളം കാണുന്നത്. അതിന്റെ ഭാഗമാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസും ഇന്നലത്തെ നാണംകെട്ട പണിമുടക്കും.’ മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ശമ്പള പരിഷ്കരണ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങി. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് പുതുക്കിയ ശമ്പള നിരക്കുകൾ ലഭ്യമായിത്തുടങ്ങും. പെൻഷൻ പരിഷ്കരത്തിനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. പുതുക്കിയ ശമ്പളത്തിനും പെൻഷനും 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ട്.

ഇത് ഇപ്പോൾ പറയാൻ ഒരു പ്രത്യേക കാരണമുണ്ട്. ശമ്പള – പെൻഷൻ പരിഷ്കരണങ്ങൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടന കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. Our Independent Organisation of People എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഈ സംഘടനുടെ ആർഎസ്എസ് ബന്ധം സംബന്ധിച്ച ചില റിപ്പോർട്ടുകൾ നേരത്തെതന്നെ പുറത്തുവന്നിട്ടുള്ളതാണ്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശമ്പളവും പെൻഷനും രാജ്യത്ത് എവിടെയും പരിഷ്കരിക്കുന്നില്ലായെന്നും 50 മാസത്തിനുള്ളിൽത്തന്നെ രണ്ടാമതൊരു പരിഷ്കരണം അസംബന്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസ് അതിന്റെ വഴിക്ക് നീങ്ങട്ടെ. ഇത് കണ്ടപ്പോൾ നിയമസഭയിൽ പി.സി. ജോർജ്ജ് ഉന്നയിച്ച കാര്യങ്ങളും ഓർമ്മയിൽ വന്നു.

വരുമാനത്തിന്റെ 44 ശതമാനം ശമ്പളവും 24 ശതമാനം പെൻഷനും 18 ശതമാനം പലിശയുമാണ് ഇപ്പോൾ തന്നെ കൊടുക്കുന്നത്. ഇനിയിത് വർദ്ധിപ്പിക്കുന്നതു ശരിയല്ല. ഇതായിരുന്നു പി.സി.ജോർജ്ജിന്റെ വാദത്തിന്റെ ചുരുക്കം.

രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. ശമ്പള ചെലവിന്റെ ഏതാണ്ട് പാതിയോളം അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉള്ളതാണ്. പൊതു ജനാരോഗ്യത്തിലും പൊതു വിദ്യാഭ്യാസത്തിലും കേരളത്തിന്റെ മുതൽമുടക്കും ചെലവുമാണ് കേരളത്തിന്റെ മേന്മയ്ക്ക് ഒരു പരിധിവരെ ആധാരം. വാസ്തവത്തിൽ ഇത് വികസന ചെലവാണ്. ഇത് അനാവശ്യമാണെന്ന വാദക്കാർ അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്ന ഒരു സമീപനമുണ്ട്.

ഇപ്പോൾ കേരളത്തിൽ കോവിഡ് രോഗികളായവർ 99 ശതമാനവും സർക്കാർ സംവിധാനത്തെയാണ് ചികിത്സയ്ക്കായി ആശ്രയിച്ചത്.
ഔട്ട് പേഷ്യന്റ് ചികിത്സ തേടുന്നവരുടെ ഏതാണ്ട് 48 ശതമാനമായിരുന്നു നേരത്തെ കേരളത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. ഇന്ന് അത് ബഹുഭൂരിപക്ഷമായി മാറി.

കേരളത്തിലെ ആരോഗ്യരക്ഷാ മേഖലയിൽ നാലായിരത്തിലധികം പുതിയ തസ്തികകളാണ് ഈ സർക്കാർ സൃഷ്ടിച്ചത്. ഇതിന് എന്താണ് കാരണം? ഈ ചെലവുകൾ അനാവശ്യച്ചെലവുകളായി ഇടതുപക്ഷ സർക്കാർ കാണുന്നില്ല. ശമ്പള-പെൻഷൻ ചെലവുകൾ ഗണ്യമായതാണെന്നത് ശരിതന്നെ. പക്ഷെ, അനാവശ്യ ചെലവ് അല്ല.

ആകെ റവന്യു വരുമാനത്തിന്റെ 34.08 ശതമാനമായിരുന്നു 2015-16ലെ ശമ്പള ചെലവ്. ആകെ സർക്കാർ ചെലവിന്റെ 27.29 ശതമാനവും. ഇത് വരും വർഷം യഥാക്രമം 31.04 ശതമാനവും 25.24 ശതമാനവുമായി മാറും. പരിഷ്കരണത്തിനുള്ള ചെലവുകൂടി വകയിരുത്തിയതിനുശേഷമുള്ള കണക്കാണ് ഇത്. പറഞ്ഞത് എന്താണെന്നുവച്ചാൽ സംസ്ഥാനത്തിന്റെ ദീർഘകാല ധനസുസ്ഥിരത സൂക്ഷ്മായി വിലയിരുത്തി ഉത്തരവാദിത്വത്തോടെയാണ് ശമ്പള – പെൻഷൻ പരിഷ്കരണങ്ങൾ നടത്തുന്നത്. പരിഷ്കരണമേ വേണ്ടായെന്ന നിലപാട് എൽഡിഎഫ് സർക്കാർ അംഗീകരിക്കുന്നില്ല.

എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ഇതുസംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാലറി, പെൻഷൻ, പലിശ ചെലവുകൾ പ്രതിവർഷം 5-10 ശതമാനത്തിനു മുകളിൽ വർദ്ധിക്കാൻ പാടില്ലായെന്നാണ് അവരുടെ നിലപാട്. ഇത് എല്ലാം കണക്കിലെടുത്തുകൊണ്ടാണ് പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.

ഈ പ്രശ്നത്തിന് മറ്റൊരു മുഖമുണ്ട്. പ്രതിപക്ഷ അനുകൂല സർവ്വീസ് സംഘടനകൾ ശമ്പളപരിഷ്കരണം കളിപ്പിക്കലാണ് എന്നുപറഞ്ഞ് ഫെബ്രുവരി 10ന് നടത്തിയ പണിമുടക്ക് സമരം നടത്തി. പരിഷ്കരണം പോരായെന്നതായിരുന്നു കോലാഹലത്തിന് അടിസ്ഥാനം. സമരം ആഹ്വാനം ചെയ്ത സംഘടനകൾ ചില്ലറക്കാരാണെന്ന അഭിപ്രായം എനിക്ക് ഇല്ല.

ജീവനക്കാർക്കിടയിൽ സാമാന്യം ഭേദപ്പെട്ട സ്വാധീനം ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് അവർ. അതിൽ കുറച്ചൊക്കെ ശരിയുണ്ടുതാനും. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ളവരാണ് അവർ. പക്ഷെ, കേരളത്തിലെ സർവ്വീസ് സംഘടനാ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പണിമുടക്കമായിരുന്നു ഇന്നലത്തെ സമരം.

എന്തെങ്കിലും പേരുപറഞ്ഞ് കോലാഹലമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ജീർണ്ണിച്ച മുഖമാണ് ഈ സമരത്തിൽ നാം കണ്ടത്. ജീവനക്കാർ അത് തിരസ്കരിച്ച രീതി നോക്കി തെറ്റ് തിരുത്താൻ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൻമാർ തയ്യാറാവുകയാണ് വേണ്ടത്.

ഇത്തരത്തിൽ ആർഎസ്എസും കോൺഗ്രസും ഏതാണ്ട് അത്ഭുതാവഹമായ ഐക്യത്തോടെ സർക്കാരിന്റെ ജനപ്രിയതയെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് കേരളം കാണുന്നത്. അതിന്റെ ഭാഗമാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസും ഇന്നലത്തെ നാണംകെട്ട പണിമുടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News