പാലാരിവട്ടം പാലത്തിന് പിന്നാലെ യുഡിഎഫ് ഭരണകാലത്ത് പൊതുഭരണ വകുപ്പ് നിര്‍മിച്ച മറ്റൊരു പാലത്തില്‍ കൂടി വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു. 120 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാപ്പിനിശേരി മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് കാലത്ത് പൊതുമരാമത്തില്‍ നടന്ന നിര്‍മാണങ്ങളില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഇതിന്‍റെ ഭാഗമായി നടന്ന വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി വിദഗ്ദ സമിതി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് പാപ്പിനിശേരി പാലത്തിന്‍റെയും കരാര്‍ ഏറ്റെടുത്തിരുന്നത്.
2013 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്‍റെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. കരാറനുസരിച്ച് 2015 ല്‍ തീരേണ്ടുന്ന മേല്‍പ്പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത് 2017 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഉദ്‌ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം ബീമുകളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ അസാധാരണ ശബ്ദവും വിറയലും. കോൺക്രീറ്റ് പൊട്ടി റോഡിൽ കുഴികളും രൂപപ്പെട്ടു.
ടി വി രാജേഷ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിനെതുടർന്ന് മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പരിശോധിച്ചു. പിന്നീടാണ് വിജിലൻസിൽ പരാതിയെത്തിയത്.
വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം പൊതുമരാമത്ത് (ബ്രിഡ്‌ജസ്) അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ, വിജിലൻസ് വകുപ്പ് സിവിൽ എൻജിനിയർ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് സിവിൽ എൻജിനിയറിങ് വകുപ്പ് മേധാവി, പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ, വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്, ഇൻസ്‌പെക്ടർ ടി പി സുമേഷ് എന്നിവർ പാലം പരിശോധിച്ചു. രാവിലെ 9.30ന് ആരംഭിച്ച പരിശോധന 2.30 വരെ തുടർന്നു.
പാലത്തിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചു. ഫലം ലഭിച്ചശേഷമേ അപാകം കൃത്യമായി പറയാനാകൂവെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ആവശ്യമെങ്കിൽ ഐഐടിയിൽനിന്നുള്ള വിദഗ്‌ധരെ കൊണ്ടുവരും.
120 കോടിയുടെ പ്രവൃത്തി
പാപ്പിനിശേരി–- പിലാത്തറ കെഎസ്‌ടിപി റോഡിൽ പാപ്പിനിശേരി, താവം മേൽപ്പാലങ്ങളും രാമപുരം പാലവും 21 കിലോമീറ്റർ റോഡും ഉൾപ്പെട്ട ഒറ്റ പ്രവൃത്തി 120 കോടി രൂപയ്‌ക്കാണ് ആർഡിഎസിന് ലഭിച്ചത്. 620 മീറ്റർ നീളമുള്ള പാപ്പിനിശേരി പാലത്തിന് 40 കോടിയോളം രൂപ ചെലവ് കണക്കാക്കുന്നു.
26 സ്‌പാനും 23 സ്ലാബുമുണ്ട്. ആകെ വീതി 8.5 മീറ്റർ. കൈവരികളും നടപ്പാതയും കഴിഞ്ഞ് 7.5 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ രൂപരേഖ തയാറാക്കിയതും 60 ശതമാനം പ്രവൃത്തി നടന്നതും യുഡിഎഫ് ഭരണകാലത്താണ്.
Get real time update about this post categories directly on your device, subscribe now.