മന്യ സിങ്ങിന്റെ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിൽ തിളങ്ങുന്നുണ്ട് അവൾ കണ്ട സ്വപ്നങ്ങളും. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്.
മത്സരത്തിൽ റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സ്വന്തം ജീവിതകഥ പറഞ്ഞു: ‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.
അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്.
സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.’’ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here