രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള വേദിയുടെ ക്യുറേറ്ററെ ചുമതലയില്‍ നിന്ന് നീക്കി ബിസിസിഐ. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും, ലോക്കല്‍ ചീഫ് ഗ്രൗണ്ട്‌സ്മാന്‍ വി രമേശ് കുമാറുമാണ് ഇപ്പോള്‍ പിച്ച് ഒരുക്കുന്നതില്‍ മേല്‍നോക്കം വഹിക്കുന്നത്.

ക്യുറേറ്റര്‍ തപോഷ് ചാറ്റര്‍ജിയെ വിജയ് ഹസാരെ ട്രോഫിക്കുള്ള പിച്ച് വിലയിരുത്തലിനായി ബിസിസിഐ നിയോഗിച്ചു. ആദ്യ ടെസ്റ്റിലെ ചെന്നൈ പിച്ച് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡ് എന്നാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ഇതിനെ വിശേഷിപ്പിച്ചത്. കണ്ടതില്‍ വെച്ച് ഏറ്റവും മോശം പിച്ച് എന്നായിരുന്നു ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ വാക്കുകള്‍.

ചെന്നൈയിലെ പിച്ചില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അതൃപ്തി വ്യക്തമാക്കിയതായാണ് സൂചന. 190 ഓവറാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കൊണ്ട് ഇംഗ്ലണ്ട് എറിയിപ്പിച്ചത്. ടേണ്‍ ലഭിക്കുന്ന പിച്ച് ആണ് രണ്ടാം ടെസ്റ്റിനായി തയ്യാറാക്കുന്നത് എന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആദ്യ ടെസ്റ്റില്‍ ആദ്യ രണ്ട് ദിനവും ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിച്ചില്ല. 600ന് തൊട്ടടുത്ത് സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കണ്ടെത്തി. എന്നാല്‍ നാലാം ദിനത്തിലേക്ക് എത്തിയപ്പോള്‍ പിച്ചിന്റെ അവസ്ഥ മോശമായി. ഓറഞ്ച് നിറത്തിലേക്ക് പിച്ച് മാറിയതായും, പല ഭാഗങ്ങളും വിണ്ട് പോയിരുന്നതായും ജോഫ്ര ആര്‍ച്ചര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News