കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നു; പദ്ധതിയുടെ ആദ്യഘട്ടം അടുത്തയാ‍ഴ്ച മുതല്‍

വിവരസാങ്കേതിക വിദ്യയില്‍ വന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഏ‍ഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളില്‍ അടുത്തയാ‍ഴ്ച മുതല്‍ കണക്ടിവിറ്റി എത്തിക്കും.

സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുളളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

അതിവേഗം വളരുന്ന വിവരസാങ്കേതിക വിദ്യയില്‍ ചരിത്രനേട്ടവുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്നത്. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളം കെ ഫോണ്‍ പദ്ധതിയിലൂടെ സൃഷ്ടിക്കുന്ന വിപ്ലവം ഇനി ലോകത്തിന് മാതൃകയാകും.

അടുത്തയാ‍ഴ്ചയോടെ കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫറുളള അറിയിച്ചു. ആദ്യഘട്ടത്തില്‍ ഏ‍ഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളില്‍ കണക്ടിവിറ്റി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പു‍ഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 5700 ഓളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ ഫോണ്‍ എത്തിക്കും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും അതിവേഗ നെറ്റ് കണക്ഷന്‍ എത്തിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമെന്ന നിലയില്‍ പൊതുജനങ്ങളിലേക്ക് കെ ഫോണ്‍ എത്തിക്കുന്നതോടെ ഇന്‍റര്‍നെറ്റ് രംഗത്ത് കേരളം സ്വയംപര്യാപ്തമാകും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുളളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് എത്തിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാ പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച് മഹത്തായ ദൗത്യത്തിലേക്ക് കേരളം ചുവടുവയ്ക്കുമ്പോള്‍ ഇടതുപക്ഷസര്‍ക്കാരിന്‍റെ വികസനനേട്ടങ്ങളിലൊന്നായി മാറുകയാണ് കെ ഫോണ്‍ പദ്ധതിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe