നീക്കങ്ങൾക്ക് തിരിച്ചടി; പുതിയ പാർട്ടി രൂപീകരിക്കാൻ മാണി സി കാപ്പൻ

മാണി സി കാപ്പന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി എൽഡിഎഫ് മുന്നണിക്കൊപ്പം നിൽക്കാൻ എൻസിപി തീരുമാനിച്ചതോടെ പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പന്റെ നീക്കം. 5 ജില്ലാ കമ്മറ്റികൾ ഓപ്പമുണ്ടെന്നാണ് കാപ്പൻ വിഭാഗം വിലയിരുത്തൽ.

8.30ഓടെ കൊച്ചിയിലെത്തുന്ന കാപ്പൻ നാളെ ചെന്നിത്തലയുടെ ഐശ്വര്യ കേരളം ജാഥയിൽ പങ്കെടുക്കും. അതേ സമയം എൻസിപി തഴഞ്ഞതോടെ കാപ്പൻ ഒറ്റക്ക് പാർട്ടിയിലേക്ക് വരുന്നത് ഗുണം ചെയ്യില്ലെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തൽ.

തനിക്കൊപ്പം നേതൃത്വവും ഉറച്ചുനിൽക്കുമെന്ന മാണി സി കാപ്പന്റെ കണക്കുകൂട്ടലുകൾക്കാണ് തിരിച്ചടി ലഭിച്ചത്. പാലാ സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കാരണം മുൻനിർത്തി എൽഡിഎഫ് മുന്നണി വിടുമ്പോൾ നേതൃത്വം സ്വീകരിക്കുന്ന നിലപാട് കാപ്പന് എതിരാണ്.

നിലവിൽ എൽഡിഎഫ് മുന്നണി വിടേണ്ടെന്ന് തന്നെയാണ് ദേശീയ നേതൃത്വത്തിന്റെയും നിലപാട്. ഇന്നലെ പ്രഫുൽ പട്ടേലുമായുള്ള ചർച്ചക്ക് മുന്നേ യുഡിഎഫിലേക്ക് പോകുമെന്ന കാപ്പന്റെ പ്രഖ്യാനത്തിലും നേതൃത്വം അതൃപ്തി വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാനും യുഡിഎഫിലേക്ക് പോകാനും ഒരുങ്ങുന്നത്. നേതൃത്വത്തിന്റെ തീരുമാനത്തിന് പോലും കാത്തുനിൽക്കാതെയാണ് കാപ്പൻ ദില്ലിയിൽ നിന്നും കേരളത്തിലേക്കെത്തുക. നാളെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള ജാഥ പാലയിലേക്കെത്തുമ്പോൾ മാണി സി കാപ്പനും ജാഥയിൽ പങ്കെടുക്കും. ഇതിന് ശേഷമാകും പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകുക.

5 ജില്ലകമ്മട്ടികൾ ഒപ്പമുണ്ടെന്നും കാപ്പൻ വിഭാഗം കണക്കുകൂട്ടുന്നുണ്ട്.. അതേ സമയം എൻസിപിയെ ഒപ്പം ചേർക്കാമെന്ന യുഡിഎഫ് കണക്കുകൂട്ടലുകൾക്കും തിരിച്ചടിയാണ് ലഭിക്കുന്നത്. കാപ്പൻ ഒറ്റക്കാണ് വരുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here