എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കം; തെക്കന്‍ മേഖലാ ജാഥ നാളെ മുതല്‍

തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ കടക്കുന്ന കേരളത്തിൽ‌ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയർത്തി എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കം. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി’ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ ശനിയാഴ്‌ച പ്രയാണം തുടങ്ങും.

വൈകിട്ട്‌ നാലിന്‌ കാസർകോട്‌ മഞ്ചേശ്വരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ കാസർകോട്ടെ സ്വീകരണത്തോടെ ശനിയാഴ്‌ചത്തെ പര്യടനം അവസാനിക്കും. ഞായറാഴ്‌ച രാവിലെ 10ന്‌ ഉദുമ, 11ന്‌ കാഞ്ഞങ്ങാട്‌, വൈകിട്ട്‌ 4ന്‌ തൃക്കരിപ്പുർ, 5ന്‌ പയ്യന്നൂർ, 6ന്‌ കല്യാശേരി എന്നിവിടങ്ങളിൽ ജാഥയെ വരവേൽക്കും.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഞായറാഴ്‌ച എറണാകുളത്തുനിന്ന്‌ പ്രയാണം തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനംചെയ്യും. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങൾ സംയുക്തമായി‌ ഉദ്‌ഘാടന സമ്മേളനത്തിൽ സ്വീകരണം നൽകും.

വടക്കൻ മേഖലാ ജാഥ തൃശൂരും തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന്‌ സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

വടക്കൻ മേഖലാ 
ജാഥാംഗങ്ങൾ

എ വിജയരാഘവൻ (ക്യാപ്‌റ്റൻ), കെ പി രാജേന്ദ്രൻ (സിപിഐ), പി സതീദേവി (സിപിഐ എം), പി ടി ജോസ്‌ (കെസിഎം) , കെ ലോഹ്യ (ജെഡിഎസ്‌), പി കെ രാജൻ (എൻസിപി), ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ എസ്‌), കെ പി മോഹനൻ (എൽജെഡി), ജോസ്‌ ചെമ്പേരി (കെസിബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ്‌ ജോസഫ്‌ (കേരള കോൺഗ്രസ്‌ സ്‌കറിയ), എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്‌).

തെക്കൻ മേഖലാ 
ജാഥാംഗങ്ങൾ

ബിനോയ്‌ വിശ്വം (ക്യാപ്‌റ്റൻ), എം വി ഗോവിന്ദൻ (സിപിഐ എം), പി വസന്തം (സിപിഐ), തോമസ്‌ ചാഴിക്കാടൻ എംപി (കെസിഎം), സാബു ജോർജ്‌ (ജെഡിഎസ്‌), വർക്കല ബി രവികുമാർ (എൻസിപി), മാത്യൂസ്‌ കോലഞ്ചേരി (കോൺഗ്രസ്‌ എസ്‌), വി സുരേന്ദ്രൻപിള്ള (എൽജെഡി), എം വി മാണി (കെസിബി), അബ്ദുൾ വഹാബ്‌ (ഐഎൻഎൽ), ഷാജി കടമല (കേരള കോൺഗ്രസ്‌ സ്‌കറിയ), ജോർജ്‌ അഗസ്‌റ്റിൻ (ജനാധിപത്യ കേരള കോൺഗ്രസ്‌).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News