കെ-ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി; ഏ‍ഴുജില്ലകളില്‍ ആയിരം സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്തയാ‍ഴ്ച മുതല്‍ കെ-ഫോണ്‍ സേവനം

കെ – ഫോൺ: ഏഴ് ജില്ലകളിൽ ആയിരം കണക്ഷൻ പൂർത്തിയായി. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ- ഫോണിൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ.ടി.സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള കെ. ഫോൺ വിശദീകരണ യോഗത്തിൽ അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും.

വിവരസാങ്കേതികവിദ്യയിൽ നിരവധി പുരോഗതികൾ ഉണ്ടായിരുന്നിട്ടും പത്തിൽ താഴെ ശതമാനം സർക്കാർ ഓഫീസുകൾ മാത്രമേ സ്റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കൽ ഫൈബർ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാൻഡിലേക്ക് മാറിയിട്ടില്ല. ഡിജിറ്റൽ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇൻഫ്രാസ്ട്രക്ച്ചർ ആവശ്യമാണ്.

ഇൻറർനെറ്റിൻ്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റർമാരെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രധാനമായും നഗരപ്രദേശങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യത പരിമിതമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങൾ സ്വായത്തമാക്കുന്നതിൽ സംസ്ഥാനം വേഗത കൈവരിക്കുകയാണ്. ഇവ വർധിച്ചുവരുന്ന ബാൻഡ് വിഡ്ത്ത് ആവശ്യകതയിലേക്കും നയിക്കും.

മേൽപ്പറഞ്ഞ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള കേരളത്തിൻ്റെ ദർശനാത്മക പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.

സുശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി സർവീസ് പ്രൊവൈ ഡേഴ്സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്.

എല്ലാവർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും.

സംസ്ഥാന സർക്കാരിൻ്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻഡ് വിഡ്ത്ത് പരിശോധിച്ച് അതിൻ്റെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കെ ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ടെൻഡർ നടപടിയിലൂടെയാണ് തിരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്ആർഐടി എന്നീ കമ്പനികൾ ഉൾപ്പെടെ കൺസോർഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here