കിടപ്പാടം വിറ്റു താമസം ഓട്ടോറിക്ഷയിലേക്ക്; ത്യാഗം കൊച്ചുമകള്‍ക്ക് വേണ്ടി

മുംബൈയിലെ ഖാർ റോഡിനടുത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ദേശരാജിന്റെ കഥ കരളലിയിക്കുന്നതാണ്. രണ്ടു ആൺ മക്കളുടെ അകാല മരണം തളർത്തിയ വൃദ്ധൻ ഇന്ന് കൊച്ചു മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബം പോറ്റാനുമായി രാപ്പകൽ ഓട്ടോറിക്ഷയോടിച്ചാണ് പണം കണ്ടെത്തുന്നത്.

ആറുവർഷം മുൻപാണ് തന്റെ മൂത്തമകനെ വീട്ടിൽ നിന്ന് കാണാതാകുന്നത്; ദിവസേനയെന്ന പോലെ വീട്ടിൽനിന്ന്‌ ജോലിക്കിറങ്ങിയ 40-കാരനായ മകൻ പക്ഷെ തിരികെയെത്തിയില്ല. പിന്നീട ആഴ്ചകൾക്കുശേഷം അവന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അകാലത്തിൽ മരണമടഞ്ഞ മകനെയോർത്ത് വിലപിക്കാൻ പോലും കഴിയാതെ പിറ്റേദിവസം തന്നെ ഓട്ടോയുമായി നിരത്തിലിറങ്ങേണ്ടി വന്നു. താൻ ജോലി ചെയ്തില്ലെങ്കിൽ കുടുംബം പട്ടിണിയാകും.

രണ്ട് വർഷത്തിന് ശേഷം ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ രണ്ടാമത്തെ മകൻ ആത്മഹത്യ ചെയ്തു. അതോടെ ഭാര്യയും മരുമകളും നാലുകുട്ടികളുടെയും മുഴുവൻ ചുമതല ദേശ്‌രാജിന്റെ തലയിലായി.

മൂത്ത കൊച്ചുമകൾ ഒൻപതാം ക്ലാസിലെത്തിയപ്പോൾ മുത്തച്ഛന്റെ പ്രാരാബ്ദം കണ്ടിട്ടാകണം സ്കൂളിൽ പോക്ക് നിർത്തിയാലോ എന്ന് ചോദിച്ചെങ്കിലും ദേശ്‌രാജ് സമ്മതിച്ചില്ല. അവൾക്ക് ആവശ്യമുള്ളത്രയും പഠിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.

കുടുംബം പോറ്റാനായി കൂടുതൽ സമയം ജോലിചെയ്യാൻ തുടങ്ങി – രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതി രാത്രി വരെ കിട്ടാവുന്ന ഓട്ടമെല്ലാം എടുക്കും. മാസത്തിൽ 10,000 രൂപയെങ്കിലും ചിലവ് കഴിഞ്ഞു സമ്പാദിക്കാനാണ് പാട് പെടുന്നത്. .

ഈ തുകയിൽ നിന്ന് വേണം പേരക്കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് കണ്ടെത്താൻ. ഏകദേശം ആറായിരത്തോളം രൂപ അതിനായി ചിലവാകും. ബാക്കി 4,000 രൂപ കൊണ്ടാണ് ഏഴ് പേരുടെ വിശപ്പടക്കിയിരുന്നത്. പല ദിവസങ്ങളിലും സ്വയം പട്ടിണി കിടന്നാണ് കുട്ടികളുടെ പഠിപ്പിനായി പണം കണ്ടെത്തിയിരുന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊച്ചുമകൾ 80 ശതമാനം മാർക്ക് നേടിയപ്പോൾ സന്തോഷം അടക്കാനായില്ല. അന്നത്തെ ദിവസം മുഴുവൻ റിക്ഷയിൽ കയറിയവർക്കെല്ലാം സൗജന്യ സവാരി കൊടുത്താണ് ദേശ്‌രാജ് കുഞ്ഞു മോളുടെ നേട്ടത്തെ ആഘോഷമാക്കിയത്.

എന്നാൽ ദേശരാജ് തളർന്നു പോയത് ചെറു മകളുടെ പുതിയ ആഗ്രഹത്തിന് മുന്നിലായിരുന്നു. ബിഎഡ് കോഴ്സിനായി ദില്ലിയിലേക്ക് പോകണമെന്ന ആവശ്യത്തിന് മുൻപിൽ ജീവിത സായാഹ്നത്തിലെത്തിയ ദേശ്‌രാജ് ഒരു വേള പകച്ചു നിന്നു. മറ്റു വഴികളില്ലാതായതോടെ കിടപ്പാടം വിൽക്കാൻ തീരുമാനിച്ചു. കുടുംബാംഗങ്ങളെ ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഊണും ഉറക്കവുമെല്ലാം ഓട്ടോറിക്ഷയിലാക്കി.

ഏതാണ്ട് ഒരു വർഷം പിന്നിടുമ്പോൾ കൊച്ചുമകൾ പഠിച്ച് അധ്യാപിക ആകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഈ വൃദ്ധൻ. തന്റെ യാത്രക്കാർക്ക് ഓട്ടോയിൽ വീണ്ടും സൗജന്യ സവാരി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശ്‌രാജ്.

ഹ്യൂമൻസ് ഓഫ് ബോംബെ’യിൽ വന്ന ദേശ്‌രാജിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി പേരാണ് സഹായങ്ങളുമായി മുന്നോട്ട് വന്നത്. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ 300-ഓളം പേരിൽനിന്ന്‌ സംഭാവനയായി കണ്ടെത്തിയത് അഞ്ചര ലക്ഷത്തോളം രൂപയാണ്.

കൊച്ചുമകൾ അധ്യാപികയായി കാണാൻ കാത്തിരിക്കുന്ന മുത്തച്ഛന്റെ മുഖത്തെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി അതിജീവനത്തിന്റെ നഗരത്തിലെ മറ്റൊരു സെൽഫിയായി സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News