സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളം നേരത്തെ എടുത്ത നിലപാടാണ്. വര്‍ഗീയമല്ല വികസനമാണ് നാടിന് ആവശ്യമെന്നും എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ യാത്ര കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം വർഗീയപരമായി വികാരം കൊള്ളിക്കാനുള്ള നീക്കങ്ങൾ നാടിന് ഗുണം ചെയ്യില്ല. സംസ്ഥാന സർക്കാറിനെതിരെ നശീകരണ സ്വഭാവമുളള കള്ള പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ജനങ്ങൾ കോട്ട തീർത്താണ് സർക്കാറിനെ സംരക്ഷിക്കുന്നതെന്നും കേരള ജനത തുടർഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയമല്ല വികസനമാണ് നാടിന് ആവശ്യം. ആര്‍എസ്എസ് വര്‍ഗീയതയുടെ കാര്യത്തില്‍ മുന്നിലാണ്. എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമിയും വര്‍ഗീയതക്കൊപ്പമാണ്. എന്നാല്‍ എല്‍ഡിഎഫ് മതനിരപേക്ഷതക്കൊപ്പമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കോവിഡ് വന്നപ്പോള്‍ പലരും പതറിയപ്പോള്‍ നാം ശക്തമായി പ്രതിരോധിച്ചു. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പണം തടസമായില്ല. വിദേശത്തു നിന്ന് കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുന്ന സാഹചര്യം ഭാവിയില്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ് 300 ല്‍ നിന്ന് 3000 ആയി ഉയര്‍ന്നു. പ്രവാസി ക്ഷേമത്തിന് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ഐ ടി മേഖലയില്‍ വന്‍ വികസനമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. കേരളം ഇത് നടപ്പാക്കില്ല. ഇത് കേരളം നേരത്തെ എടുത്ത നിലപാടാണ്. വര്‍ഗീയതയോട് വ്യക്തമായ നിലപാട് കോണ്‍ഗ്രസിനില്ല. പുതുച്ചേരിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു.

ഭൂരിപക്ഷ വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും ഭൂരിപക്ഷം മതനിരപേക്ഷ വിശ്വാസികളാണ്. എല്‍ ഡി എഫിന്റെ അടിത്തറ വികസിച്ചു. കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും എല്‍ഡിഎഫിനൊപ്പം വന്നുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here