“പിണറായി വിജയനെ കണ്ടതോടെ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുപോലെ തോന്നി.അത്രമേൽ ആവേശമാണ് പിണറായി വിജയൻ എന്നും അച്ഛന്”

മലയാളിയുടെ പ്രിയപ്പെട്ട മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഒരു മാസത്തോളമാകുന്നു..98 വയസു വരെ ഉത്സാഹഭരിതനായി ജീവിതത്തെ നോക്കിക്കണ്ട,സന്തോഷവും ഊർജവും ആവോളം മറ്റുള്ളവർക്ക് പകർന്നു നൽകിയ മുത്തശ്ശൻ,കണ്ണൂര്കാരുടെ മാത്രമല്ല മലയാളക്കരയുടെ മൊത്തം അഭിമാനമായിരുന്നു.

കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെ പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് . ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരിവാദ്ധ്യാരില്ലം ഒളിയിടമായിരുന്നു.എ.കെ.ജിയുടെ അടുത്ത സൗഹൃദ വലയത്തിൽ മുത്തശ്ശൻ ഉണ്ടായിരുന്നു.

ഉണ്ണികൃഷ്ണൻ നമ്പൂതിരിയും പിണറായി വിജയനും തമ്മിലുള്ള ബന്ധവും കണ്ണൂരിൽ നിന്ന് തന്നെ തുടങ്ങുന്നതാണ്.പയ്യന്നൂർ എം എൽ എ ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും പോളിറ്റ് ബ്യുറോ അംഗമായിരുന്നപ്പോഴും പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴുമെല്ലാം ഇരുവരും തമ്മിലുള്ള സൗഹൃദം അങ്ങനെതന്നെ മുന്നോട്ടു പോയി.കൈരളിയുടെ തന്നെ ജെ ബി ജങ്ഷനിൽ പങ്കെടുത്തപ്പോൾ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആര് എന്ന ചോദ്യത്തിന് ഉടനടി ഉത്തരം വന്നു .”അത് പിണറായി തന്നെ ,എന്ത് നല്ല മനുഷ്യനാണ് ,പറയാതെ വയ്യ” എന്ന്.ഇന്ന് കാസര്ഗോഡേക്കുള്ള യാത്രക്കിടയിൽ ഉച്ചയോടെ മുഖ്യമന്ത്രി, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട് സന്ദർശിക്കുകയുണ്ടായി.

ഉണ്ണികൃഷ്ണൻ നമ്പൂതിരിയില്ലാത്ത വീട്ടിലേക്കുള്ള മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനം.

കോവിഡ് കാലത്ത് അസുഖബാധിതനായ അദ്ദേഹത്തെ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല.ചെന്നൈ കർണാടക ബാങ്കിൽ ചീഫ് മാനേജർ ആയിരുന്ന മകൻ ഭവദാസ് ഒന്നര വർഷക്കാലമായി വോളന്ററി റിട്ടയർമെൻറ് എടുത്ത് അസുഖബാധിതനായ അച്ഛനൊപ്പം കൂടി.ഭവദാസിന്റെ വിവാഹശേഷം ഭവദാസിനും ഭാര്യ ഇന്ദിരക്കുമൊപ്പമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി താമസിച്ചിരുന്നത്.

പിണറായിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തമ്മിലുള്ള ഗാഢമായ ബന്ധം പറഞ്ഞറിയിക്കാനാവാത്തതാണ് എന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഭവദാസ് പറയുന്നത് .”കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്” ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തെ മുഖ്യമന്ത്രി അനുസ്മരിച്ചത് ഈ വാക്കുകളിലൂടെയാണ്.വ്യക്തിപരമായ നഷ്ട്ടം എന്ന വാക്കുകളിൽ തന്നെ ഇരുവരും തമ്മിലുള്ള ഗാഢമായ ബന്ധം അളക്കാം. .

ലാൻഡ് ഫോണിൽ ബെൽ കേട്ടാൽ അച്ഛൻ പറയും വിജയനായിരിക്കും. വിജയന്റെ ഫോൺ കോൾ എത്തുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു.വിജയേട്ടൻ ലാൻഡ് ഫോണിലേക്കാണ് വിളിച്ച് സംസാരിച്ചിരുന്നത് .അച്ഛന് കഴിഞ്ഞ ഒരു വർഷമായി ചെറിയ ഓർമ പിശക് വന്നു.പക്ഷെ ഓർമ്മപ്പിശകിലും വിജയനെ മാത്രം മറന്നില്ല.എന്നോടും ഇന്ദിരയോടും ഇടക്കിടക്ക്  വിജയേട്ടനെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.മരിക്കുന്നതിന് ഒരാഴ്ച മുൻപ് ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ഇന്ദിരയോട് വിജയൻ തന്നെ കാണാൻ എത്തിയോ? എന്നന്വേഷണമായി. അച്ഛനെ ഉറക്കാൻ വേണ്ടി ഇന്ദിര പറഞ്ഞു, “അച്ഛനുറങ്ങിക്കോളൂ ,അദ്ദേഹം താഴെ എത്തി.വരുമ്പോൾ വിളിച്ചുണർത്താം”. എന്നെ കാണാതെ പോകുമോ എന്നതായി അടുത്ത സംശയം.ഇല്ല വിജയേട്ടൻ വരുമ്പോൾ വിളിച്ചോളാം എന്ന് ആശ്വസിപ്പിച്ച് ഉറക്കുകയായിരുന്നു.കൊച്ചുകുട്ടികൾ അനുസരിക്കുമ്പോലെ അച്ഛൻ ആശ്വാസത്തോടെ ഉറങ്ങി.അത്രമേൽ അച്ഛന്റെ ഉള്ളിൽ പിണറായി വിജയൻ പതിഞ്ഞു പോയിരുന്നു.

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ എന്നത്തേയും റോൾ മോഡൽ പിണറായി ആയിരുന്നു.അത് മക്കളിലേക്കും പകർന്നു തന്നിരുന്നു എന്നും ഭവദാസ് ഓർമ്മിക്കുന്നു.

രണ്ടു വര്ഷം മുൻപ് ലൂർദ് ഹോസ്പിറ്റലിൽ വെച്ചാണ് പിണറായി വിജയനും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അവസാനമായി കണ്ടത്.ഭവദാസ് ആ ദിവസങ്ങളെ ഓർക്കുന്നത് ഇങ്ങനെ

അന്ന് കുറച്ചു രോഗം കഠിനമായ സമയമാണ് .അച്ഛൻ നഷ്ട്ടമാകും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.എന്നാൽ പിണറായി വിജയനെ കണ്ടതോടെ അദ്ദേഹം ഉയർത്തെഴുന്നേൽക്കുന്നതുപോലെ തോന്നി .അത്രമേൽ ആവേശമാണ് പിണറായി വിജയൻ എന്നും അച്ഛന്.അച്ഛൻ പിന്നെ രണ്ടു കൊല്ലം കൂടി ജീവിച്ചു .അച്ഛന്റെ രണ്ടു വര്ഷം നീട്ടിത്തന്നത് പിണറായി വിജയനാണ് എന്ന് ഞാൻ എല്ലാവരോടും പറയാരുണ്ട്.അബോധാവസ്ഥയിലായിരുന്ന അച്ഛൻ വിജയേട്ടനെ കണ്ട് തിരിച്ചറിഞ്ഞതും കൈപിടിക്കുന്നതും ഇന്നും കണ്ണ് നിറയ്ക്കുന്ന ഓർമയാണ്.

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ… എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു.

കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News