ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍. ഇടപെടലിന് സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും അതുവഴി കേരളത്തിലെ സര്‍വകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണരായി വിജയന്‍ വ്യക്തമാക്കി.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നവകേരളം-യുവകേരളം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംവദിച്ചതിനു ശേഷം ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നവകേരളം-യുവകേരളം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി ഇന്ന് സംവദിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഇടപെടലിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. അതുവഴി കേരളത്തിലെ സര്‍വകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ കേരളത്തില്‍ ഇല്ലെന്നതിനാല്‍ നിരവധി പേര്‍ സംസ്ഥാനത്തിന് പുറത്തു പോയാണ് പഠിക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിയുണ്ടാകും.

അടുത്ത ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികള്‍ പഠിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം നിരവധി സവിശേഷതകള്‍ ഉള്ള, ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്. അതിനാല്‍ ഈ സാധ്യത ഏറെയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ക്ക് സര്‍ക്കാരും സര്‍വകലാശാലകളും മുന്‍കൈയെടുക്കണം. അതിന്റെ ഭാഗമായി പ്രഗല്‍ഭ അക്കാദമിക വിദഗ്ധരെ അധ്യാപകരായി കൊണ്ടുവരണം. അതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെടണം. കോഴ്‌സുകളിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാവണം.

ഉന്നത കലാലയങ്ങളിലെ ലൈബ്രറികളും ലാബുകളും ഏത് സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവണം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഹോസ്റ്റലുകളിലുണ്ടാവണം. ലോകത്തെ ഏത് മികച്ച ഉന്നത കലാലയത്തോടും കിടപിടിക്കുന്നവയാക്കി നമ്മുടെ കലാശാലകളെ മാറ്റാനാവണം. ഇതിനൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കോഴ്‌സ് കഴിയുന്നതോടെ തൊഴിലുകളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ തൊഴില്‍-നൈപുണ്യ പരിശീലനം പഠനത്തോടൊപ്പം നല്‍കാന്‍ സംവിധാനമൊരുക്കും. അതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യാവസായിക മേഖലകളിലെ തൊഴില്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ കോഴ്‌സുകളില്‍ കൊണ്ടുവരാനാവണം.

കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കണം. സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കാനും വികസനക്കുതിപ്പിന് വലിയ താങ്ങാവാനും അത് വഴിയൊരുക്കും.

ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ അര്‍ഥത്തില്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. സ്ഥിര അധ്യാപകരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക നിക്ഷേപം നടത്തി തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇനങ്ങളില്‍ 570 എണ്ണവും അധികാരമേറ്റ് നാലു വര്‍ഷത്തിനകം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. അതിനു ശേഷം ബാക്കിയുള്ളവയും ഏറെക്കുറെ നടപ്പിലായിക്കഴിഞ്ഞു.

ഓരോ വര്‍ഷവും അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കാനും സര്‍ക്കാറിന് സാധിച്ചു. ഇതോടെ പ്രകടന പത്രികകളെ ഗൗരവത്തോടെ ജനങ്ങള്‍ കാണുന്ന സ്ഥിതിയുണ്ടായി. ഭാവി കേരളത്തിന് രൂപം നല്‍കുന്നതിനാവശ്യമായ ആശയങ്ങള്‍ രൂപീകരിക്കുകയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News