ക്യാപിറ്റോള്‍ കലാപം: ട്രംപിനെ വീണ്ടും തുണച്ച് സെനറ്റ്; ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് തള്ളി

ക്യാപിറ്റോള്‍ കലാപത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് തള്ളി. നേരത്തെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപിനെ ഇത് രണ്ടാം
തവണയാണ് സെനറ്റ് കുറ്റവിമുക്തനാക്കുന്നത്.

സെനറ്റ് തീരുമാനം ട്രംപ് സ്വാഗതം ചെയ്തു. അപ്രതീക്ഷിത അട്ടിമറികളുണ്ടായില്ല. ജനുവരി ആറിലെ ക്യാപിറ്റോള്‍ കലാപത്തിന്‍റെ പേരില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഒരിക്കല്‍ കൂടി സെനറ്റ് രക്ഷയായി.

ട്രംപിന്‍റേത് ഇംപീച്ച് ചെയ്യപ്പെടേണ്ട നടപടിയാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കായി രണ്ട് മാസത്തോളം ട്രംപ് പരിശ്രമിച്ചെന്നുമായിരുന്നു ഡെമോക്രാറ്റുകളുടെ വാദം. മുന്‍ പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റിന് ഭരണഘടനാ അധികാരമില്ലെന്നായിരുന്നു റിപബ്ളിക്കന്മാരുടെ നിലപാട്.

100 അംഗങ്ങളുള്ള സെനറ്റില്‍ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകണമെങ്കില്‍ 67 വോട്ടുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ 57 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇതില്‍ 7 പേര്‍ റിപബ്ലിക്കന്‍ സെനറ്റര്‍മാരായിരുന്നുവെന്നതാണ് ശ്രദ്ധേയം.

കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടെയില്‍ ഞായറാ‍ഴ്ച പുലര്‍ച്ചയോടെയായിരുന്നു 5 ദിവസം നീണ്ട ഇംപീച്ച്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായത്. ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു.

പ്രസിഡന്‍റ് പദവിയൊ‍ഴിഞ്ഞ ട്രംപ് ഭാവിയില്‍ അധികാരത്തിലെത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ട് പോയത്. സെനറ്റ് തീരുമാനത്തെ ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. അമേരിക്കയെ ഉയര്‍ച്ചയിലേക്കെത്തിക്കുന്നതിനുള്ള യാത്ര തുടങ്ങിയതേ ഉള്ളൂ എന്നും ട്രംപ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News