മൂന്ന് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമായി; പൂത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

മൂന്നു പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂരിൽ ആധുനിക സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമായി. തൃശൂർ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിൻറെ ആദ്യ ഘട്ടം കൃഷി മന്ത്രി കെ.രാജു നാടിനു സമർപ്പിച്ചു.

388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. തൃശൂർ മൃഗശാലയിൽ നിന്നു മൃഗങ്ങളെ ഇവിടേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ പൂർത്തിയാവും.

മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിച്ച് ലോക പ്രശസ്ത മൃഗശാല ഡിസൈനര്‍ ജോന്‍ കോയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രൂപ കൽപന ചെയതത്. ഇത്തരത്തില്‍ രാജ്യത്തെ തന്നെ ആദ്യത്തെ മൃഗശാലയാണിത് മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്.

മൃഗങ്ങൾക്കുള്ള 23 വാസസ്ഥലങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.കൂടാതെ വിശാലമായ പാര്‍ക്കിംഗ് സ്ഥലം. ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ട്രാം സ്റ്റേഷനുകള്‍,സന്ദര്‍ശക ഗാലറികള്‍ എന്നിവയുമുണ്ട്.

9 വ്യത്യസ്ത മേഖലകളായി തിരിച്ചു മുളകൾ, പനകൾ പൂമരങ്ങൾ, വള്ളികൾ തുടങ്ങി പത്തു ലക്ഷത്തോളം തൈകൾ നട്ടു പിടിപ്പിക്കും. കൂടാതെ സ്ഥിരം നഴ്സറിയും ഇവിടെ സ്‌ഥാപിക്കും.

ഒന്നാം ഘട്ടത്തിലെ എല്ലാ നിർമാണവും പൂർത്തിയാക്കിയാണ് പുത്തൂർ സുവോജിക്കൽ തുറന്നു കൊടുക്കുന്നതെന്ന് പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി കെ രാജു പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. അസാധ്യമായ കാര്യങ്ങൾ സാധ്യമായ തരത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയെന്നും വിമർശനങ്ങളെ ഭയക്കാതെ വിമർശനങ്ങളെ സ്വീകരിക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. ചീഫ് വിപ് കെ.രാജൻ ഉൾപ്പെടെയുള്ള ജന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here