കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ നാല് ശതമാനം മാത്രമാണെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ പ്രഥമിക കണക്ക്. രണ്ടാം ഡോസ് നല്‍കാനാരംഭിച്ച ഇന്നലെ വീണ്ടും കുത്തിവയ്പ്പ് എടുത്തത് 7668 പേര്‍ മാത്രം.
ആറ് ആഴ്ചകള്‍ക്കിടെയില്‍ രണ്ടാം ഘട്ടം സ്വീകരിച്ചാല്‍ മതിയെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പേര്‍ വാക്സിന് സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിച്ചത് ജനുവരി 16നായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം വാക്സിന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. ഇത് പ്രകാരം ജനുവരി 16ന് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ട ആദ്യ ദിവസം ഇന്നലെയായിരുന്നു.
ജനുവരി 16ന് 1,91,000 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 7668 പേര്‍ മാത്രമാണ് വാക്സിന്‍റെ രണ്ടാം ഡോസ് എടുത്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം ഡോസ് വാക്സിനേഷന് വിധേയരായത് നിലവില്‍ നാല് ശതമാനം മാത്രം.
ഇന്നാല്‍ ഈ കണക്കുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കിടെയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതി. അതിന് ഇനിയും സമയമുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ ചൂണ്ടിക്കാട്ടി.
വാരാന്ത്യമായതിനാലും, പല കുത്തിവയ്പ്പ് കേന്ദ്രങ്ങളും ഉച്ചവരെ മാത്രം പ്രവര്‍ത്തിച്ചതിനാലുമാണ് കുറഞ്ഞ കണക്കെന്ന് ദേശീയ കൊവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ. എന്‍ കെ അറോറയും വ്യക്തമാക്കി. ഒഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് രണ്ടാം ഘട്ട കുത്തിവയ്പ്പ് നല്‍കിത്തുടങ്ങിയത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങള്‍ കൂടി രണ്ടാം ഡോസ് കുത്തിവയ്പ്പ് ആരംഭിക്കുന്നതോടെ കണക്കുകള്‍ ഉയരുമെന്നും. ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 80 ലക്ഷം കടന്നു.
Get real time update about this post categories directly on your device, subscribe now.