കോന്നിക്ക് ഇത് ചരിത്ര നിമിഷം;ഒറ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ

ചരിത്രത്തിൽ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആയ ശേഷം പണം അനുവദിച്ച് നിർമ്മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എംഎൽഎ തന്നെയാണ് നിർവ്വഹിച്ചത്.

കോന്നിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും റോഡുകൾ ഒന്നിച്ച് ഉദ്ഘാടനം നടത്തിയത്. ജനോപകാര പദ്ധതികൾ കാലതാമസം കൂടാതെ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എൻ.സി.എഫ്.ആർ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചിത്രങ്ങൾ കൃത്യമായ ഇടവേളകളിൽ എം.എൽ.എ ഫെയ്സ് ബുക്ക് വഴി പങ്കുവച്ചു.രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

ചിറ്റാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശ്രീകൃഷ്ണപുരം – കുറുമുട്ടം റോഡ് തുറന്നുകൊടുത്തുകൊണ്ടാണ് റോഡുകളുടെ ഉദ്ഘാടനങ്ങളുടെ തുടക്കം കുറിച്ചത്. നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായാണ് 100 റോഡുകൾ പൂർത്തീകരിച്ചത്.

സീതത്തോട് പഞ്ചായത്ത് ഏഴാം വാർഡിലെ കൊച്ചു കോയിക്കൽ – കല്ലിൽ പടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്. കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് റോഡുകൾക്കൊപ്പം പ്രാധാന്യത്തോടെ തന്നെ ഗ്രാമീണ റോഡുകളും നവീകരിക്കുകയാണ്‌. എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും എം.എൽ.എയോടൊപ്പം പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News