ജനോപകാരപ്രദമായ എല്‍ഡിഎഫ് പദ്ധതികളെല്ലാം നിര്‍ത്തലാക്കുമെന്നാണ് യുഡിഎഫ് പറയുന്നത്; മോദി ഇന്ത്യയിലെത്തുന്നത് വില്‍പ്പനയ്ക്ക് വച്ച പൊതുമേഖലാ കമ്പനികളുടെ കാവല്‍ക്കാരനായി: എ വിജയരാഘവന്‍

എല്‍ഡിഎഫ് നടത്തിയ നല്ല കാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് പറയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. വികസന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് കാസര്‍കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലൈഫ് പോലുള്ള പദ്ധതികള്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. എല്‍ഡിഎഫ് തുടങ്ങിവച്ച കുറേ കാര്യങ്ങള്‍ അടച്ചുപൂട്ടും എന്നാണ് ഇവര്‍ സ്ഥിരമായി പറയുന്നത്.

കേരള ബാങ്ക് എന്ന സംവിധാനം രാജ്യത്ത് തന്നെ ഒരു സംസ്ഥാനവും മുന്‍കയ്യെടുത്ത് നടപ്പാക്കാത്ത കാര്യമാണ്. പൂര്‍ണമായ സ്വകാര്യവത്കരണമാണ് ബാങ്കിംഗ് മേഖലയില്‍ കേന്ദ്രം ലക്ഷ്യം വച്ചത്. ചെറുകിട കൃഷിക്കാരന് കടമെടുക്കണമെങ്കില്‍ ഹുണ്ടികക്കാരുടെ അടുത്ത് പോകേണ്ട സ്ഥിതി വന്നു. 1969 ലെ ബാങ്ക് ദേശസാല്‍ക്കരണത്തെ എല്ലാവരും പിന്താങ്ങി. എന്നാലിപ്പോള്‍ ബിജെപി ആ നയം മാറ്റി. കോണ്‍ഗ്രസും അതിനെ പിന്താങ്ങുകയാണ്- അദ്ദേഹം പറഞ്ഞു.

സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിനാകാത്ത സാഹചര്യമുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ കേരള ബാങ്ക് പൂട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. ഇതാണ് സമീപനം. പൂര്‍ണമായി കേരളത്തിന് നിരാശയുണ്ടാക്കുന്ന നിലപാടാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്.നാടിന്റെ താല്‍പര്യത്തിന് മുന്‍കൈ ഉണ്ടാകുന്ന നിലപാടെടുക്കണം.

വില്‍ക്കാന്‍ വച്ച സ്ഥാപനങ്ങളുടെ സംരക്ഷകനായിട്ട് പ്രധാനന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തിയിരിക്കുകയാണ്.പൊതുമേഖല സ്ഥാപനത്തെ ചെറുതായി നവീകരിച്ച ശേഷം വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. കേരളത്തിന്റെ താല്‍പര്യം പൊതുമേഖല സ്ഥാപനം സംരക്ഷിക്കുക എന്നതാണ്. കേന്ദ്രത്തിന്റെ തീവ്ര സ്വകാര്യവത്കരണ നയത്താല്‍ കേരളത്തിനുണ്ടാകുന്ന പരിമിതികളെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

പെട്രോള്‍ വിലവര്‍ധനവിലും പരോക്ഷ പിന്തുണയാണ് യുഡിഎഫിനുള്ളത്. ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുക എന്നതാണ് നിലവില്‍ യുഡിഎഫിന്റെ സമീപനമെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News