പ്രണയത്തിൽ എന്തിനേയാണ് തേടുന്നത്…?പ്രണയദിനത്തിൽ യുവ എഴുത്തുകാരി മാനസി എഴുതുന്നു

ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നായി പ്രണയത്തെയിങ്ങനെ അറിയുമ്പോഴും, എന്നും ആലോചിക്കുന്ന ഒരു കാര്യമുണ്ട് സത്യത്തിൽ നാം പ്രണയത്തിൽ എന്തിനേയാണ് തിരയുന്നത്.?സത്യം പറഞ്ഞാൽ പ്രണയം തന്നെ ഒരു തേടലാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിഞ്ഞുള്ള തേടലുകൾ…….പ്രണയത്തിൽ എന്തിനേയാണ് തിരയുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യൽ മീഡിയക്ക് ഏറെ പരിചിതയായ യുവ എഴുത്തുകാരി മാനസി”പ്രണയ ദിനത്തിൽ “

അറിയാമല്ലോ പ്രണയത്തിന് പ്രായമോ, ചുറ്റുപാടുകളോ, ബന്ധനങ്ങളോ ഒന്നും ഒരു വിഷയമല്ല. പ്രായത്തിൻ്റേയും, ദേശത്തിൻ്റേയും മതിൽ കെട്ടുകൾ പൊളിച്ച് പ്രണയമങ്ങനെ പരന്നൊഴുകും. കൗമാരത്തിനും, യൗവത്തിനും വാർദ്ധക്യത്തിനും, പ്രണയം പല മാനങ്ങൾ നൽകുന്നു. കൂടിച്ചേരലുകളാണ് ഓരോ പ്രണയവും.കൗമാര പ്രണയത്തിന് ആകാംക്ഷയുടെ മുൾമുനകളാണെങ്കിൽ, യൗവ്വനത്തിന് ആസക്തിയുടെ ലഹരിയാണ്. ചേർന്നിരിക്കലുകളുടെ, കൂടിച്ചേരലുകളുടെ കൗതുകമാണ് വാർദ്ധക്യത്തിലെ പ്രണയത്തിനുള്ളത്.

അടുത്ത കാലത്ത് വിവാഹിതയായ ഒരു പെൺ സുഹൃത്ത് അവൾക്കൊരു പ്രണയം വേണമെന്ന് തോന്നുന്നു എന്ന് പറഞ്ഞു.കുടുംബ പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്ന് തിരിച്ച് ചോദിച്ചപ്പോൾ, കാര്യമായിട്ടൊന്നുമില്ലെടീ, നന്നായിട്ട് പോകുന്നു. പക്ഷെ എന്നെ കേൾക്കാൻ ഒരാള് വേണമെന്ന് തോന്നുന്നു,വെറുതെ മിണ്ടിയിരിക്കാൻ, ഞാൻ ഉണ്ടോ എന്നും, സുഖമായിരിക്കുന്നോ എന്നും വെറുതെ ചോദിക്കാൻ ഒരാൾ, ഈ വീടിൻ്റെ മതിൽക്കെട്ടിനപ്പുറത്തുള്ള ഒരു ലോകത്തെ കാട്ടിത്തരുന്ന അദൃശ്യനായ ഒരാൾ. അവൾ പറഞ്ഞു നിർത്തി.

ചിലരുണ്ട് ആസക്തികളുടെ കനൽക്കൂമ്പാരത്തെ ചാരമാക്കി മാത്രം സൂക്ഷിക്കേണ്ടി വന്നവർ. അത്തരത്തിലുള്ളവരുടെ പ്രണയം തീക്കാറ്റ് പോലേയാണ്. പടർന്ന് പിടിച്ച് ശരവേഗത്തിൽ ആളിക്കത്തും. അടക്കി വെച്ച ആസക്തികൾ, പ്രണയത്തിൻ്റെ കൈ പിടിച്ച് ഇറങ്ങിയോടും. മനസ്സിൻ്റേയും, ശരീരത്തിൻ്റേയും തേടലുകളെ അവർ പൂർത്തീകരിക്കും. പ്രായമോ, ദേശമോ, സംസകാരമോ ഒന്നും അതിന് തടസ്സമല്ല. മനസ്സിനെ, ശരീരത്തെ തോന്നുന്ന പോലെ അഴിച്ചു വിടുന്ന, ആഹ്ലാദിക്കുന്ന നിമിഷങ്ങൾ മാത്രം. യൗവ്വനം താണ്ടി കടന്നു പോകുന്നവരിലാണ് ഈ തീക്കാറ്റ് കൂടുതലായി കണ്ടിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം അതൊരു സെക്കൻ്റ് ഹണിമൂണാണ്. ആഹ്ലാദിക്കാൻ മറന്നു പോയ പോയ കാലത്തിൻ്റെ നിമിഷങ്ങളെ റീ ക്രിയേറ്റ് ചെയ്യുന്ന എന്തോ ഒന്ന്.

ഒരു പെൺകുട്ടി പ്രണയത്തിൽ വീണ് പോയ ഒരു വിധമുണ്ട്. പ്രണയ സമ്മാനങ്ങൾ കിട്ടിയോ, അല്ലെങ്കിൽ നാളുകളായുള്ള കാത്തിരിപ്പിലോ അല്ല അവൾക്ക് ഒരാളോട് പ്രണയം തോന്നിപ്പോയത്. ആദ്യമായി കണ്ട അന്ന് അയാൾ വാരി നൽകിയ
” ഒരു ഉരുളച്ചോർ ” ആയിരുന്നു അവളെ പ്രണയത്തിലോട്ട് എത്തിച്ചത്. ഓരോ വറ്റിറക്കുമ്പോഴും കരുതലിൻ്റെ, സ്നേഹത്തിൻ്റെ മഹാപർവ്വങ്ങൾ അവൾ ഓടിക്കയറുകയായിരുന്നു. എവിടെ നിന്നും കിട്ടാത്ത ഒന്ന് ആദ്യമായി ഒരാൾ നൽകിയതിൻ്റെ പകപ്പിൽ സന്തോഷക്കണ്ണീരാൽ ഓരോ ഉരുളച്ചോറും അവൾ വാങ്ങിക്കഴിച്ചു.
ചിലർക്ക് തൻ്റെ പ്രണയം വെറുമൊരു പങ്കാളി മാത്രമല്ല എവിടെയൊക്കെയോ കിട്ടാതിരുന്ന സ്നേഹത്തിൻ്റെയും, ലാളനകളുടേയും പര്യായം കൂടിയാണ്. സഹോദരൻ്റെ ലാളനകളും, അച്ഛൻ്റെ കരുതലുകളും, മുത്തച്ഛൻ്റെ ചേർത്ത് പിടിക്കലുകളും തിരയുന്നവരുണ്ട്. നെഞ്ചിലൊന്ന് കിടന്നാൽ മാത്രം മതിയെന്ന് പറഞ്ഞ് കുഞ്ഞു വാവയെ പോലെ ചുരുണ്ടു കൂടുന്നവരുമുണ്ട്.

അൻപതാം വയസ്സിൽ പ്രണയത്തിലകപ്പെട്ട ഒരു സ്ത്രീയുണ്ടായിരുന്നു. ജീവിതത്തിൽ പല സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും തീവ്രമായ ഒരു പ്രണയത്തെ പുൽകാൻ ഒരുപാട് വെമ്പൽ കൊണ്ട ഒരുവൾ. അവസാനം ഒരാളെ കണ്ട് മുട്ടിയപ്പോൾ അത്രയും കാലം കാത്ത് വെച്ച ആഗ്രഹങ്ങളുടെ കെട്ട് പൊട്ടിച്ചൊരുവൾ.ആദ്യമായി തൻ്റെ വീട്ടിലേക്ക് കാമുകനെ ക്ഷണിക്കുമ്പോൾ നൂറ്റി ഒന്ന് ദീപം കത്തിച്ച് വെച്ച്, വീടാകെ വെളിച്ചത്താൽ നിറച്ച്, തൻ്റെ മുറി പൂക്കളാൽ അലങ്കരിച്ച് അവനേറ്റവും ഇഷ്ട്ടപ്പെട്ട വസ്ത്രങ്ങളിഞ്ഞ് അവനെ സ്വീകരിച്ച ഒരുവൾ. സിനിമ കഥ പോലെ തോന്നുമെങ്കിലും സത്യമാണത്. നോക്കൂ എത്ര തീവ്രതയാണ് ആ സ്ത്രീയുടെ പ്രണയത്തിന്.എത്ര മാത്രം ആസക്തികൾ നിറഞ്ഞതാണ് അവരുടെ ആഗ്രഹങ്ങൾ. വല്ലാണ്ടങ്ങ് കൊതിച്ചു പോകുന്ന പ്രണയങ്ങൾ. അവിടെ പ്രായത്തിനെന്ത് പ്രസക്തിയാണ് ഉള്ളത്.

ചിലർക്ക് പ്രണയത്തിൽ വേണ്ടത് ബഹുമാനമാണ്. തന്നെ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കാനും, ബഹുമാനിക്കാനും പറ്റുന്ന ഒരു പങ്കാളി. ലോകത്തിലെ എന്തിനേയും കുറിച്ച് സംസാരിക്കാൻ പറ്റുന്ന ഒരാൾ. ബന്ധനങ്ങളില്ലാതെ ഒന്നായി ഇരിക്കുന്നവർ.
അസൂയയുടേയോ, കുശുമ്പിൻ്റെയോ, തൻ്റേതെന്ന് മാത്രമെന്ന തോന്നലിൻ്റെയോ അകമ്പടികൾ ഒന്നുമില്ലാത്ത ഒന്ന്.

ചിലർക്ക് പിടിച്ചടക്കലാണ് പ്രണയം. തൻ്റേത് മാത്രമെന്ന് കരുതി ഉള്ളം കയ്യിൽ വച്ചങ്ങനെ താലോലിച്ച്, പങ്കിട്ട്, കരുതലിൻ്റെ, സ്നേഹത്തിൻ്റെ, ആസക്തികളുടെ ഒറ്റ ഭൂകണ്ഢമാകുന്ന പ്രണയം. സ്നേഹിച്ച്, സ്നേഹിച്ച് ശ്വാസം മുട്ടിക്കുന്ന ഒന്ന്.അതിൽ പിടഞ്ഞ് വീഴാൻ ആഗ്രഹിക്കുന്നവരും ഏറെയുണ്ട്.

സ്വാർഥതയുടെ കണങ്ങൾ പ്രണയത്തിലുണ്ടെന്ന് പറയാതെ വയ്യ. കാരണം അവനവൻ്റെ മനസ്സിൻ്റെ തേടലുകളാണല്ലോ പ്രണയത്തിൽ സംഭവിക്കുന്നത്. ആ തേടലുകൾക്കിടയിൽ തനിക്ക് പറ്റാത്തത് കാണുമ്പോഴാണല്ലോ ഓരോ ഇറങ്ങിപ്പോകലുകളും നടക്കുന്നത്.
സത്യം പറഞ്ഞാൽ പ്രണയം തന്നെ ഒരു തേടലാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിഞ്ഞുള്ള തേടലുകൾ.
അത്ര മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here