തെരഞ്ഞെടുപ്പ് തീയതി ആഘോഷങ്ങളും പരീക്ഷകളും പരിഗണിച്ച്; മലപ്പുറം ഉപതെരഞ്ഞെടുപ്പും ഒപ്പം

ഓണവും വിഷുവും റംസാനും കണക്കിലെടുത്ത് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നാണ് മുഖ്യരാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടതെങ്കിലും, സിബിഎസ്ഇ പരീക്ഷ കൂടി കണക്കാക്കിയാകും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരും വിവിധ പാർട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. വിഷു, ഈസ്റ്റർ, റമസാൻ എന്നീ ആഘോഷങ്ങൾ പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി തീരുമാനിക്കുക. എസ്എസ്എല്‍സി സിബിഎസ്ഇ പരീക്ഷാ നടത്തിപ്പും കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ സജ്ജമെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡം അനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നും സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. വിഷുവും റംസാൻ നോമ്പും കമ്മീഷൻ പരിഗണിക്കണമെന്നും ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് തെരഞ്ഞെടുപ്പ് വേണമെന്നും സർക്കാർ അഭ്യര്‍ത്ഥിച്ചിരുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് 15,000 അധിക ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കുമെന്നും അറോറ വ്യക്തമാക്കി.

പ്രചാരണത്തിന് കർശനമായ കൊവിഡ് മാനദണ്ഡങ്ങളാകും ഉണ്ടാകുക. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂ. ഒരു ബൂത്തിൽ 1000 വോട്ടർമാർ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് സ്വീകരിക്കും. സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും വരുന്ന വ്യാജവാർത്തകൾ കർശനമായി നിയന്ത്രിക്കും. മൂന്ന് വടക്കൻ ജില്ലകൾ പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളിൽ കർശനസുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും അറോറ വ്യക്തമാക്കി.

അതേസമയം പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കുള്ള മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പിനൊപ്പം തന്നെ നടത്തും.

ഏപ്രിലിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്‍റെയും ആവശ്യം. മേയിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം 140 മണ്ഡലങ്ങളിലും ഒരു ദിവസംതന്നെ വോട്ടെടുപ്പ് നടത്തണമെന്ന് മൂന്നു മുന്നണികളും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News