മുംബെെ നഗരത്തെ യാചക മുക്തമാക്കാനൊരുങ്ങി പൊലീസ്

മുംബൈ നഗരത്തെ ഭിക്ഷാടനരഹിതമാക്കാൻ, നഗരത്തിലെ പോലീസ് വകുപ്പിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലും യാചകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിടിക്കപ്പെടുന്ന യാചകരെ കോവിഡ് -19 പരീക്ഷിച്ചതിന് ശേഷം ചെമ്പൂരിലെ ഒരു പ്രത്യേക വീട്ടിൽ പാർപ്പിക്കാനും നിർദ്ദേശം നൽകി.

ജോയിന്റ് പോലീസ് കമ്മീഷണർ വിശ്വാസ് നാഗ്രെ പാട്ടീൽ എല്ലാ മേഖല ഡിസിപികൾക്കും നൽകിയ നിർദേശപ്രകാരം ഈ മാസം മുഴുവൻ ഇതിനായി പ്രത്യേക നടപടികൾ കൈക്കൊള്ളും.

1959 ലെ ബോംബെ പ്രിവൻഷൻ ഓഫ് ബിഗ്ഗിംഗ് ആക്ട് പ്രകാരമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

ഭിക്ഷാടനം ഒരു സാമൂഹിക കുറ്റകൃത്യമാണ്. പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കാനും കോടതിയിൽ നിന്ന് അനുമതി വാങ്ങാനും കോവിഡ് -19 പരിശോധനകൾ നടത്തിയ ശേഷം ഇവരെ പുനരധിവസിപ്പിക്കാനുമാണ് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുള്ളത്.

നഗരത്തിൽ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടന മാഫിയകളുടെ ചൂഷണം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് മുംബൈ പോലുള്ള നഗരത്തിന് മോശം പ്രതിച്ഛായയാണ് നൽകുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നിരുന്നാലും, ചെമ്പൂർ ആസ്ഥാനമായ പുനരധിവാസ കേന്ദ്രത്തിൽ യാചകരെ പാർപ്പിക്കാൻ മതിയായ ഇടമുണ്ടോയെന്ന കാര്യത്തിൽ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നടപടി കൊണ്ട് മുംബൈ പോലുള്ള നഗരത്തിൽ ഭിക്ഷാടനത്തിന് തടയിടാൻ കഴിയുമോയെന്നും ഇവർ ചോദിക്കുന്നു. യാചകരെ എത്രനാൾ വീട്ടിൽ സംരക്ഷിക്കാനാകുമെന്നതും വലിയ ചോദ്യമാണ്. പോലീസിന് നിയമം നടപ്പിലാക്കാൻ കഴിയുമെങ്കിലും ഭിക്ഷാടനം ഇല്ലാതാക്കാനായി ഒരു പദ്ധതി ആവിഷ്ക്കരിക്കണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ഏകദേശം 30000 സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രതിവർഷം ഏകദേശം 180 കോടി രൂപയുടെ വരുമാനമാണ് ഭിക്ഷാടന വ്യവസായത്തിലൂടെ മാഫിയകളുടെ കൈകളിലെത്തുന്നതെന്നാണ് റിപോർട്ടുകൾ. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് പിഞ്ചു കുട്ടികളെയും സ്ത്രീകളെയുമാണ്. കുട്ടികളെ തട്ടി കൊണ്ടുപോയി വികലാംഗരാക്കി ഭിക്ഷാടനത്തിലേക്ക് തള്ളി വിടുന്ന സംഘങ്ങൾ വരെ നഗരത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel