‘കാപ്പന്‍ അപകടമറിയാതെ കയത്തിലേക്ക് ചാടിയ താറാവിന്‍ കുഞ്ഞ്’ ; കാപ്പനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎന്‍ വാസവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിന് പിന്നാലെ കഥാരൂപത്തില്‍ കാപ്പന് മുന്നറിയിപ്പ് നല്‍കി സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. അപകടമറിയാതെ കയത്തിലേക്ക് ചാടിയ താറാവിന്‍ കുഞ്ഞിന്റെ കഥ തന്‍റെ ഫേസ് ബുക്കിലെഴുതിയാണ് വാസവന്‍റെ വിമര്‍ശനം. താറാവിന്‍ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെയാണ് വാസവന്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു പോയതിനു തൊട്ടുപിന്നാലെയാണ് കാപ്പന്റെ പരോക്ഷ വിമര്‍ശനം. കാപ്പനോടുള്ള വിമര്‍ശനവും പരിഹാസവും ചെറുകഥാ രൂപത്തിലാണ് വാസവന്‍ അവതരിപ്പിച്ചത്.

കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മക്കോഴി അടവയ്ച്ചു വിരിയിച്ച ഒരു താറാവിന്‍ കുഞ്ഞിനെപ്പറ്റിയാണ് കഥ. ഭക്ഷണം കഴിക്കാന്‍ വരെ പിന്നിലായിരുന്ന താറാവിന്‍ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളര്‍ത്തിയത്.

വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളര്‍ത്തി. എന്നാല്‍ ഒരിക്കല്‍ തീറ്റ തേടി ഇറങ്ങിയ അമ്മക്കോഴിയും കുഞ്ഞുങ്ങളും കാണുന്നത് കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്തുന്നതാണ്.

നീര്‍നായും, നീര്‍ക്കോലിയും ചീങ്കണ്ണിയുമെല്ലാമുള്ള കയമാണെന്ന് അമ്മക്കോഴി വിലക്കിയിട്ടും വീണ്ടും നീന്താന്‍ പരിശ്രമിക്കുന്ന താറാവിന്‍ കുഞ്ഞിനെ ഉദാഹരിച്ചുകൊണ്ടാണ് കഥ, വിമര്‍ശനം കൃത്യമാക്കുന്നത്.

വി എന്‍ വാസവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

…… പഴമക്കാർ പറഞ്ഞു കേട്ടൊരു കഥയുണ്ട്…….
പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി , ഒരു തവണ അടയിരുന്നപ്പോൾ കൂട്ടത്തിൽ ഒരു താറാവിൻ മുട്ടയും അവൾ വച്ചു. കോഴി മുട്ടകൾ വിരിഞ്ഞതിനൊപ്പം താറാവിൻ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം.
ഭക്ഷണം കഴിക്കാൻ വരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തി .
പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി,
കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങൾ ഓടിചെന്നു
പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി.
തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താൻ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം
ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞിൽ ഒരാൾ പറഞ്ഞു,
കണ്ടോ അവൻ ചാടിയതിന്റെ സങ്കടത്തിൽ അമ്മ കരയുകാ…
ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു
എന്നിട്ടു പറഞ്ഞു, മക്കളെ അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ…
എവിടെ കേൾക്കാൻ ….ബാ നമ്മൾക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി……

നര്‍മ്മവും പരിഹാസവും വിമര്‍ശനവും ലളിതമായ അവതരണവും കൊണ്ട് വിഎന്‍ വാസവന്റെ കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News