ഇന്ത്യ തിരിച്ചടിക്കുന്നു; വമ്പന്‍ ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം വിക്കറ്റ് മഴയ്‌ക്ക് ശേഷം ടീം ഇന്ത്യയുടെ തിരിച്ചുവരവ്. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടരുന്ന കോലിപ്പട ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 156-6 എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ 351 റണ്‍സിന്‍റെ ലീഡുണ്ട്. നായകന്‍ വിരാട് കോലിയും (86 പന്തില്‍ 38*) രവിചന്ദ്ര അശ്വിനുമാണ് (38 പന്തില്‍ 34*) ക്രീസില്‍. ഇരുവരും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

18 ഓവറില്‍ 54-1 എന്ന നിലയിലാണ് മൂന്നാം ദിനം ടീം ഇന്ത്യ ആരംഭിച്ചത്. എന്നാല്‍ 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ഇന്ത്യ പിന്നാലെ 106-6 എന്ന നിലയിലേക്ക് തകരുന്നതാണ് കണ്ടത്. മൂന്നാം ദിനം ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രം ചേര്‍ത്തപ്പോഴേ ആദ്യ വിക്കറ്റ് നഷ്‌ടമായി. മൊയീന്‍ അലിയെ ക്രീസ് വിട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ (7) ഷോര്‍ട്ട് ലെഗ് ഫീല്‍ഡര്‍ ഒല്ലീ പോപിന്‍റെ ത്രോയില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സ് റണ്ണൗട്ടാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് രോഹിത്തിനെയും (26) മടക്കി.

അജിങ്ക്യ രഹാനെയെ മറികടന്ന് റിഷഭ് പന്തിനെ ഇറക്കിയുള്ള പരീക്ഷണം പിഴക്കുന്നത് പിന്നീട് കണ്ടു. ലീച്ചെറിഞ്ഞ 26-ാം ഓവറില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചത് പന്തിന് വിനയായി. അനായാസം ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ 65-4. മുപ്പത്തിയൊന്നാം ഓവറില്‍ അലിയുടെ പന്തില്‍ രഹാനെക്ക് (10) പിഴച്ചു. ഇന്‍ഡൈസ് എഡ്‌ജായി ഷോര്‍ട് ലെഗില്‍ ഒല്ലീ പോപിന്‍റെ കൈകളില്‍. ലീഡ് 300 കടന്നതിന് തൊട്ടുപിന്നാലെ അക്‌സര്‍ (7), അലിയുടെ എല്‍ബിയില്‍ തളയ്‌ക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here