സോളാര്‍ കേസ്; സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സോളാര്‍ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ യു ഡി എഫ് സര്‍ക്കാരിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ഉമ്മന്‍ ചാണ്ടിക്കെതിരെ മൊ‍ഴി നല്‍കിയ മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ നായരുടെ അപേക്ഷ തള്ളിക്കൊണ്ട് മുന്‍സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അസാധാരണമെന്ന് കോടതി നിരീക്ഷിച്ചു.സര്‍ക്കാര്‍ നടപടി സ്വീകരിച്ച് പുതിയ ഉത്തരവിറക്കണമെന്നും കോടതി ഉത്തരവിട്ടു.

5 വര്‍ഷമായി ഹൈക്കോടതിയില്‍ കെട്ടിക്കിടന്ന ഹര്‍ജിയിലാണ് തീര്‍പ്പുണ്ടായത്.സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി കരുക്കിലായത് കോന്നി സ്വദേശി മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയിലായിരുന്നു.സരിതാ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് സംസാരിച്ചതിനു ശേഷമാണ് താന്‍ സോളാര്‍ പദ്ധതിക്കായി ബാക്കി തുക നല്‍കിയത് എന്നായിരുന്നു ശ്രീധരന്‍ നായരുടെ രഹസ്യമൊ‍ഴി.ഈ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ നായര്‍ അന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന പതിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ശ്രീധരന്‍നായരുടെ ആവശ്യം നിരസിച്ചത്.ഇതിനെതിരെ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയെ സമീപിക്കുകായിരുന്നു.ഹര്‍ജി പരിഗണിക്കവെ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതെത്തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു.

പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി ഇതു സംബന്ധിച്ച് മൂന്നാ‍ഴ്ച്ചക്കകം നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് അസാധാരണമെന്ന് കോടതി നിരീക്ഷിച്ചു.പതിവില്ലാത്ത കാര്യങ്ങളാണ് ഉത്തവില്‍ പറയുന്നതെന്ന് പരാമര്‍ശിച്ച കോടതി കേസില്‍ പൊതുതാല്‍പ്പര്യമില്ല എന്ന വാദവും തള്ളിക്കളഞ്ഞു.തന്‍റെ പരാതിയില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരന്‍ നായരുടെ മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News