കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ഇനി കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ്

സര്‍ക്കാരിന്റെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രണ്‍സിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കെഎസ്ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുക.

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബര്‍ ശൃംഖലയാണ് കെഫോണ്‍. കേബിള്‍ ഇടുകയും അത് പരിപാലിക്കുകയും മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യം. അതുവഴി ഇന്റര്‍നെറ്റ് എത്തിക്കുന്നത് നിലവിലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കളായിരിക്കും.

നഗരമേഖലയില്‍ മാത്രം പരിമിതപ്പെട്ട ഫൈബര്‍ കണക്റ്റിവിറ്റി കേരളത്തിന്റെ വിദൂരമേഖലകളിലേക്ക് വരെ എത്തിക്കാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ശൃംഖലയാണ് കെഫോണ്‍. സേവനദാതാക്കള്‍ക്ക് നിശ്ചിത വാടക നല്‍കി ശൃംഖല ഉപയോഗിക്കാം. 30,000 സര്‍ക്കാര്‍ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇതു വഴി ഇന്റര്‍നെറ്റ് എത്തിക്കും.

കേരളത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന സംരഭമാണ് കെഫോണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഫോണ്‍ യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ട്. ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്. ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കെഫോണിലൂടെ കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കേരള ജനതയ്ക്കാകെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. കേരളത്തെ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നു. നോളജ് എകോണമിയായും ഐടി ഹബായും വളരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറയാണ് ഒരുക്കുന്നത്.

സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനുമുള്ള അവസരം സുഗമമാകും. ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയുമായ അടിസ്ഥാനസൗകര്യങ്ങളാണ് ആവശ്യം. ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപറേറ്റര്‍മാരെ ആശ്രയിച്ചാണ്.

ഡിജിറ്റര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തമാക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുകയാണ്. ഭാവിയിലേക്കുള്ള നെറ്റ് വര്‍ക്ക് ബാന്‍ഡ് വിഡ്ത് സജ്ജമാക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പരിമിതമാണ്. ബാന്‍ഡ് വിഡ്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ഉപാധിയാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കെ ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത്.

വിവര സാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും 10ല്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നുളളൂ. ഒപ്ടിക് ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം അതിലും കുറവായിരുന്നു. ഭൂരിഭാഗം വീടുകളും ഹൈസ്പീട് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിരുന്നുമില്ല. അതിനെല്ലാം കെഫോണ്‍ അറുതി വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് മുപ്പതിനായിരത്തോളം ഓഫീസുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, സര്‍വീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും എത്തിക്കും.

കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളില്‍ പ്രീഫാബ് ഷെല്‍ട്ടറുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആണ് നെറ്റ് വര്‍ക്ക് നിയന്ത്രണസംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News