‘പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്’; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ജ്യോത്സന

ബോഡി ഷെയ്മിങ്ങിനെ കുറിച്ച് താരങ്ങളുള്‍പ്പെടെയുള്ളവര്‍ പലപ്പോ‍ഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസമാണ് ഗായിക ജ്യോത്സനയും തനിയ്ക്ക് ഉണ്ടായ അനുഭവം തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.

ഇപ്പോ‍ഴിതാ ജ്യോത്സന തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജ്യോത്സന. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക.

പണ്ട് പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനേക്കാള്‍ തന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടായിരുന്നതെന്ന് ജ്യോത്സന പറയുന്നു.

‘നല്ല പൊക്കമുള്ളയാളാണു ഞാന്‍. വണ്ണം കൂടി വന്നപ്പോഴാണു ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നത്. തടിച്ചി, ആന പോലുണ്ടല്ലോ എന്നിങ്ങനെയുള്ള പലതും ആ സമയത്തു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനു സ്റ്റേജില്‍ കയറുമ്പോള്‍ പലരും ഇത്തരത്തില്‍ കമന്റ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനടിയില്‍ വന്നു കമന്റ് ചെയ്യും. 25 വയസ്സൊക്കെയുള്ള സമയത്താണ് എനിക്കു വണ്ണം കൂടുന്നത്. പ്രോഗ്രാമിനു പോകുമ്പോള്‍ പാട്ടിനെക്കുറിച്ചായിരിക്കില്ല, എന്റെ അമിതവണ്ണത്തെ കുറിച്ചായിരിക്കും പലര്‍ക്കും പറയാനുണ്ടാകുന്നത്.- ജ്യോത്സന പറയുന്നു. ബോഡി ഷെയിമിംഗ് ആത്മാഭിമാനത്തെ പോലും ബാധിക്കുമെന്നും തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ജ്യോത്സന പറയുന്നു.

പരിധിവിട്ട് വണ്ണം കൂടിയപ്പോള്‍ ആരോഗ്യവതിയല്ല എന്ന് സ്വയം തോന്നിയെന്നും തുടര്‍ന്നാണ് ജീവിതരീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതെന്നും ജ്യോത്സന അഭിമുഖത്തില്‍ പറയുന്നുണ്ട്. വണ്ണം കുറക്കലല്ല, ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമുള്ളതാക്കി മാറ്റുകയെന്നതാണ് പ്രധാനമെന്നും ജ്യോത്സന പറയുന്നു.

‘തടിച്ചിയാണ്, ഒന്നിനും കൊള്ളില്ല’ എന്ന രീതിയിലുള്ള ചിന്ത നമ്മുടെ മനസ്സില്‍ കുത്തിവയ്ക്കാന്‍ പലരും ശ്രമിക്കും. അത്തരം സാഹചര്യങ്ങളിലൊക്കെ നമുക്കു സ്വയം സ്‌നേഹം ഉണ്ടാവുകയാണു വേണ്ടത്. നമുക്കു മാറണം എന്ന തോന്നലുണ്ടായാല്‍ അതു സാധ്യമാകും,’ ജ്യോത്സന പറയുന്നു.

തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചും അതിനെ എങ്ങനെ അതിജീവിച്ചുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആദ്യമായി മലയാളികളുടെ പ്രിയ ഗായിക തുറന്ന് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here