ബിആര്‍ ഷെട്ടിയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രവാസി വ്യവസായിയുമായ ബിആര്‍ ഷെട്ടിയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് കോടതി.

ഷെട്ടിയുടെ മാത്രമല്ല അദ്ദേഹത്തിന്‍റെ കമ്പനികളിലെ ഓഹരി ഉടമകള്‍, മുതിര്‍ന്ന മുന്‍ എക്‌സിക്യുട്ടീവ് ജീവനക്കാര്‍ എന്നിവരുടെ സ്വത്തുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഇവരുടെ ആസ്തിക്കും ഉത്തരവ് ബാധകമാണ്. മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്വത്തുവകകള്‍ വില്‍ക്കാനാകില്ല.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട്, യുഎഇ നിക്ഷേപകരായ ഖലീഫ അല്‍ മുഹൈരി, സയീദ് അല്‍ഖൈബൈസി, കമ്പനിയിലെ മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ ആസ്തികളും മരവിപ്പിച്ചവയില്‍പെടും.

അബുദാബി കൊമേ‍ഴ്സ്യല്‍ ബാങ്കിന്‍റെ അപേക്ഷ പരിഗണിച്ചാണ് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. ഗുരുതരമായ തട്ടിപ്പ് ആരോപിച്ച് 2020 ഏപ്രില്‍ 15 ന് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഷെട്ടി, പ്രസാന്ത് മങ്ങാട്ട് തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ എല്ലാ അക്കൗണ്ടുകളും പിടിച്ചെടുക്കണമെന്ന് അന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എന്‍എംസിയില്‍ ജുഡീഷ്യല്‍ ഗാര്‍ഡിനെ നിയമിക്കാന്‍ ബ്രിട്ടീഷ് സുപ്രീം കോടതി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് ബിആര്‍ ഷെട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കാനും മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും ഷെട്ടിക്ക് പങ്കാളിത്തമുള്ള കമ്പനികളുടെയും അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍ എന്നിവ മരവിപ്പിക്കാനും നിര്‍ദേശിച്ചു. ഈ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകള്‍ നിര്‍ത്താനും ലോക്കറിലേക്കുള്ള പ്രവേശനം വിലക്കാനും കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെയും അവരുടെ സീനിയര്‍ മാനേജര്‍മാരെയും കേന്ദ്ര ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തി. ഇന്ത്യയിലും സമാനമായ കോടതി ഉത്തരവ് ഉണ്ടായി.

1970ല്‍ സ്ഥാപിതമായ എന്‍എംസി യുഎഇയിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായിരുന്നു. അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണം കമ്പനിയെ പിടിച്ചുലച്ചു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. 660 കോടി ഡോളറിന്റെ കടബാധ്യതയാണ് കഴിഞ്ഞ വര്‍ഷം കമ്പനി വെളിപ്പെടുത്തിയത്. ബ്രിട്ടനില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഷെട്ടി. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുഎഇ എക്‌സ്‌ചേഞ്ചും അടച്ചുപൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News