കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. പുനെ സിറം ഇൻസ്റ്റിറ്റ‍്യൂട്ടിൽ ഉത്പാദിപ്പിച്ച വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്.

ഡിസംബറിൽ ഫൈസർ-ബയോ‌ടെക് വാക്സിൻ അംഗീകരിച്ചതിന് ശേഷം യുഎൻ ആരോഗ്യ ഏജൻസി അംഗീകാരം നൽകുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ്. ഇതോടെ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് വാക്‌സിന്‍ നല്‍കാനാകും.

കൊവിഷീൽഡ് വാക്സിൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് സംഘടന അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും ഏറ്റവും അനുയോജ്യമെന്നും ഡബ്ല്യുഎച്ച്ഒ വിലയിരുത്തി.

“ഇന്നുവരെ വാക്സിനുകൾ ലഭ്യമല്ലാത്ത രാജ്യങ്ങൾക്ക്, അപകടസാധ്യതയിൽ കഴിയുന്ന അവരുടെ ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാൻ കഴിയും,” ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയാഞ്ചെല സിമോ പറഞ്ഞു.

കൊറോണ വൈറസ് 109 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും അവരിൽ 2.4 ദശലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. പല രാജ്യങ്ങളും ഇതുവരെ വാക്സിനേഷൻ പരിപാടികൾ ആരംഭിച്ചിട്ടില്ല. സമ്പന്ന രാജ്യങ്ങൾ പോലും വാക്സിൻ ഡോസുകളുടെ കുറവ് നേരിടുന്നുണ്ട്.

ബ്രിട്ടൻ, ഇന്ത്യ, അർജന്റീന, മെക്സിക്കോ എന്നിവയുൾപ്പെടെ 50 ലധികം രാജ്യങ്ങളിൽ ഇതിനകം തന്നെ അസ്ട്രസെനക്ക വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. ഫൈസർ-ബയോ ടെക് വാക്സിനേക്കാൾ വിലകുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ് കൊവിഷീൽഡ്. ഇരു വാക്സിനുകളും ഒരാൾക്ക് രണ്ട് ഡോസ് വീതം ആവശ്യമാണ്.

കോവിഡ്-19 ന്റെ വകഭേദങ്ങൾ കണ്ടെത്തിയ രാജ്യങ്ങൾ ഉൾപ്പെടെ, 18 വയസിന് മുകളിലുള്ളവർക്ക് അസ്ട്രാസെനക്ക വാക്സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ വാക്സിൻ വിദഗ്ധർ കഴിഞ്ഞയാഴ്ച ശുപാർശ ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ വൈറസ് വകഭേദങ്ങൾ വ്യാപിച്ച രാജ്യങ്ങൾ അസ്ട്രാസെനക്ക വാക്സിൻ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന, ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ശുപാർശയ്ക്ക് വിരുദ്ധമായിരുന്നു ഇത്. അസട്രസെനക്കയുടെ വാക്സിന് പകരം മറ്റ് വാക്സിനുകൾക്ക് മുൻഗണന നൽകണം എന്നായിരുന്നു നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here