മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും അടുത്തിടെയുണ്ടായ വര്‍ധനവിന് ശേഷം കടുത്ത തീരുമാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മേയര്‍ അറിയിച്ചു.

മുംബൈയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ച മേയര്‍ നഗരത്തില്‍ വീണ്ടും ഒരു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും, മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ പറഞ്ഞു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കാറില്ലെന്ന് മേയര്‍ ഓര്‍മ്മപ്പെടുത്തി.

‘ഇത് ആശങ്കാജനകമാണ്. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിച്ചു കാണുന്നില്ല. ആളുകള്‍ മുന്‍കരുതല്‍ എടുക്കണം അല്ലെങ്കില്‍ നഗരം മറ്റൊരു ലോക് ഡൗണിലേക്ക് പോകും,’ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. ജനങ്ങള്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കാത്തതില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ നിരാശ പ്രകടിപ്പിച്ചു.

ചൊവ്വാഴ്ച 3,663 പുതിയ കോവിഡ് കേസുകള്‍ കൂടി മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസുകളുടെ വര്‍ദ്ധനവ് തുടരുകയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 39 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ആളുകള്‍ സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ കറങ്ങുന്നതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മുന്നറിയിപ്പ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here