തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധന വിലകൂട്ടി

സാധാരണക്കാരെ നട്ടം തിരിച്ച് ഇന്ധനവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി പത്താം ദിനവും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.91 രൂപയായി. ഡീസലിന് 84.42 രൂപയായും വില വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില നേരത്തെതന്നെ 90 കടന്നിരുന്നു.

ക‍ഴിഞ്ഞ 10 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് വില വര്‍ധിച്ചത് 1രൂപ 45 പൈസയാണ്. ഡീസലിനാകട്ടെ 2രൂപ 70 പൈസയും വര്‍ധിപ്പിച്ചു. ഒരു മാസത്തെ കണക്കെടുത്താല്‍ പെട്രോള്‍ ലിറ്ററിന് 3രൂപ 4 പൈസയും ഡീസലിന് 3രൂപ 40 പൈസയും വില വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍നക്ക് കാരണമെന്നാണ് എണ്ണക്കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദമെങ്കിലും ഇത് പൊള്ളയാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.ക‍ഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളറിലെത്തിയപ്പോള്‍ 77 രൂപയായിരുന്നു കൊച്ചിയിലെ പെട്രോള്‍ വില.

എന്നാല്‍ ഈ വര്‍ഷം ക്രൂഡ് ബാരലിന് 63 രൂപയായപ്പോള്‍ പെട്രോള്‍ വില 90 രൂപയാണ്. രാജ്യാന്തരതലത്തില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ ആനുപാതിക വിലക്കുറവ് വരുത്താതെ കേന്ദ്ര എക്സൈസ് നികുതികള്‍ കുത്തനെ കൂട്ടിയതാണ് വിലവര്‍ധനയുടെ യഥാര്‍ഥ കാരണമെന്ന് പ്രകടമാണ്. 2020 ജനുവരിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കിയിരുന്ന കേന്ദ്ര എക്സൈസ് നികുതി 26.6 ശതമാനമായിരുന്നു.

എന്നാലിപ്പോള്‍ 37.1ശതമാനമാണ് നികുതി. ഡീസലിന് ക‍ഴിഞ്ഞ വര്‍ഷം 23 ശതമാനമായിരുന്ന കേന്ദ്ര എക്സൈസ് നികുതി 40.1 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. അതായത് രാജ്യാന്തര വിപണിയിലെ എണ്ണവിലക്കനുസരിച്ചല്ല ഇവിടെ വില നിശ്ചയിക്കുന്നതെന്നര്‍ത്ഥം. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പ‍ോ‍ഴും ഇന്ത്യയിലാണ് ഉയര്‍ന്ന ഇന്ധനവിലയെന്നതും കാണാന്‍ ക‍ഴിയും.

കോവിഡിനു മുന്‍പ് ചൈനയില്‍ ശരാശരി 52.32 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഈ വര്‍ഷം അത് 51.06 രൂപയായി. യുഎസില്‍ 48.70 രൂപയായിരുന്നത് ഈ വര്‍ഷം 45 രൂപയിലെത്തി. എന്നാല്‍ ഇന്ത്യയിലാകട്ടെ കോവിഡിനു മുന്‍പ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വിലല 74.8 രൂപയായിരുന്നത് ഈ വര്‍ഷം ജനുവരിയില്‍ 85രൂപയിലെത്തി.

അതായത് കൊവിഡ് പ്രതിസന്ധിക്കിടയിലും 11 രൂപയിലധികം വര്‍ധിപ്പിച്ച് സാധരണക്കാരന് ഇരുട്ടടി നല്‍കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here