അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒരു രാഷ്ട്രീയ വിവേചനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒരു രാഷ്ട്രീയ വിവേചനവും സാംസ്കാരിക വകുപ്പിന്‍റെയോ ചലച്ചിത്ര അക്കാദമിയുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍.

ഐഎഫ്എഫ്കെയുടെ കൊച്ചി പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദങ്ങളോ ബഹിഷ്ക്കരണങ്ങളോ ചലച്ചിത്രോത്സവത്തെ തളര്‍ത്തില്ലെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് മലയാള സിനിമയിലെ 24 പ്രതിഭകള്‍ക്ക് ദീപം പകര്‍ന്നുകൊണ്ട് കൊച്ചിയില്‍ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി.

21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് മലയാള സിനിമയിലെ പുതുതലമുറയില്‍പ്പെട്ട 24 പ്രതിഭകള്‍ക്ക് ദീപം പകര്‍ന്നുകൊണ്ടാണ് ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈന്‍ വ‍ഴി ഐഎഫ്എഫ്കെ കൊച്ചി പതിപ്പ് ഉദ്ഘാടനം ചെയ്തു. സലിം കുമാര്‍ വിഷയത്തിലുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.

വിവാദങ്ങളോ ബഹിഷ്ക്കരണങ്ങളോ ചലച്ചിത്രോത്സവത്തെ തളര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച അക്കാദമി ചെയര്‍മാന്‍ കമല്‍ ആരുടെയും അസാന്നിധ്യം മേളയ്ക്ക് പ്രതിസന്ധിയുണ്ടാക്കില്ലെന്നും വ്യക്തമാക്കി. സലിംകുമാര്‍ വിഷയത്തില്‍ കൊച്ചിയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും ചടങ്ങ് ബഹിഷ്ക്കരിച്ചതോടെയായിരുന്നു കമലിന്‍റെ മറുപടി.

ചടങ്ങില്‍ ഫെസ്റ്റിവല്‍ ബുളളറ്റിന്‍റെയും രജതജൂബിലി സ്മരണാര്‍ത്ഥം പുറത്തിറക്കിയ കപ്പിന്‍റെയും പ്രകാശനം നടന്നു. നടന്‍ മോഹന്‍ലാല്‍ വിഡിയോയിലൂടെ മേളയ്ക്ക് ആശംസകള്‍ നല്‍കി. മേയര്‍ അഡ്വ.എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ എം സ്വരാജ്, കെ ജെ മാക്സി, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here