കര്‍ഷക സമരത്തില്‍ കൈപൊള്ളി ബിജെപി; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു; നേട്ടമുണ്ടാക്കി സ്വതന്ത്രരും കോണ്‍ഗ്രസും

കര്‍ഷക സമരത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും.

നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും ബിജെപിയെ ജനങ്ങള്‍ തൂത്തെറിഞ്ഞു. അമൃത്‌സർ, ഗുർദാസ്‌പുർ, പത്താൻക്കോട്‌, തരൺ ജില്ലകൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാജ. മാസങ്ങൾക്ക്‌ മുമ്പുവരെ ബിജെപി സഖ്യകക്ഷിയായിരുന്ന അകാലിദളിനും കനത്ത തിരിച്ചടിയേറ്റുവാങ്ങേണ്ടിവന്നു.

കര്‍ഷക ബില്ലിനെതിരായ പ്രക്ഷോഭം ശക്തമായതോടെയാണ് അകാലിദള്‍ എന്‍ഡിഎയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നത്. ഇരുപാര്‍ടിക്കുമെതിരായ വികാരം ​ഗുണംചെയ്തത് കോണ്‍​ഗ്രസിനും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ജയിച്ച സ്വതന്ത്രരില്‍ ഏറെയും മത്സരിച്ചത് ട്രാക്ടർ ചിഹ്‌നത്തിലാണെന്നതും ശ്രദ്ധേയമാണ്.

എട്ട്‌ മുനിസിപ്പൽ കോർപറേഷനിലും 109 മുനിസിപ്പൽ കൗൺസിൽ–പഞ്ചായത്തുകളിലേ‌ക്കുമാണ്‌ വോട്ടെടുപ്പുണ്ടായത്. ആറ്‌ മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസിന്‌ ഭൂരിപക്ഷം. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ 10 സ്വതന്ത്രർ ജയിച്ച മോഗയിൽ ആർക്കും ഭൂരിപക്ഷമില്ല. മൊഹാലി ഫലം വന്നിട്ടില്ല, കോൺഗ്രസാണ്‌ മുന്നിൽ. 78 മുനിസിപ്പൽ കൗൺസിൽ–പഞ്ചായത്തുകളിൽ‌ കോൺഗ്രസ്‌ മുന്നില്‍. അഞ്ചിടത്ത് ഭൂരിപക്ഷം‌ അകാലിദളിന്.

ബിജെപിക്ക്‌ എവിടെയും ഭൂരിപക്ഷമില്ല. 351 കോർപറേഷൻ വാർഡിൽ 20 സീറ്റ്‌‌ മാത്രമാണ്‌ ബിജെപിക്ക്. 18 സ്വതന്ത്രർ ജയിച്ചു. കോൺഗ്രസിന്‌ 271 ഉം അകാലിദളിന്‌ 33 ഉം എഎപിക്ക്‌ ഒമ്പതും വാർഡ്‌ കിട്ടി. രണ്ടായിരത്തോളം മുനിസിപ്പൽ കൗൺസിൽ–നഗർപഞ്ചായത്ത്‌ വാർഡുകളിൽ 375 ഇടത്ത്‌ സ്വതന്ത്രർ ജയിച്ചു. കോൺഗ്രസ്‌ 1078 വാർഡിലും അകാലിദൾ 251 വാർഡിലും ജയിച്ചപ്പോൾ ബിജെപി 29 വാർഡിൽ ഒതുങ്ങി. എഎപിക്ക്‌ 50 വാർഡുണ്ട്‌.

എൻഡിഎ ശക്തികേന്ദ്രമായ ഭട്ടിൻഡയിൽ 1968നു‌ശേഷം ആദ്യമായി കോൺഗ്രസ്‌ ജയിച്ചു. പത്താൻക്കോട്ടിലും ഹോഷിയാർപുരിലും ബിജെപിക്ക്‌ ഭരണം നഷ്ടമായി. പത്താൻക്കോട്ടിൽ അമ്പതിൽ 11 വാർഡ്‌ മാത്രമാണ്‌ ജയിച്ചത്‌. ഹോഷിയാർപുരിൽ ഒരിടത്തും ജയിച്ചില്ല. ഭട്ടിൻഡ, അബോഹർ, കപൂർത്തല മുനിസിപ്പൽ കോർപറേഷനുകളില്‍ ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കാനായില്ല.

പഞ്ചാബ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ശക്തികേന്ദ്രങ്ങളിലും ഏറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടലിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായ പത്താൻക്കോട്ട്‌, ഹോഷിയാർപ്പുർ, ഫിറോസ്‌പ്പുർ, അമൃത്‌സർ, ഗുർദാസ്‌പുർ എന്നിവിടങ്ങളിലും‌ ബിജെപി‌ക്ക്‌ കാലിടറി.

രാകേഷ് ടികായത്ത് കര്‍ഷക സമരത്തില്‍ സജീവ സാന്നിധ്യമായതും ഇദ്ദേഹത്തിനെതിരെ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന പകപോക്കല്‍ നടപടി ഉള്‍പ്പെടെ പഞ്ചാബില്‍ സജീവ ചര്‍ച്ചയായപ്പോള്‍ ബിജെപിക്ക് നിലം തൊടാന്‍ ക‍ഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News