കാപ്പാനാളില്ലാതെ കാപ്പന്‍; മുന്നണി പ്രവേശനത്തില്‍ പൂര്‍ണ സമ്മതം മൂ‍ളാതെ കെപിസിസി; കാപ്പനൊപ്പം നിന്നവര്‍ തിരികെ എന്‍സിപിയിലേക്ക്

സീറ്റുവിഭജന ചര്‍ച്ച പോലും ആരംഭിക്കും മുന്നെ എല്‍ഡിഎഫ് അവഗണിക്കുന്നുവെന്ന ആരോപണമുയര്‍ത്തി എല്‍ഡിഎഫ് മുന്നണി വിട്ട മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനത്തിന് പൂര്‍ണ സമ്മതം മൂളാതെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അന്‍വറും കെപിസിസിയും.

മൂന്ന് സീറ്റും മുന്നണി പ്രവേശനവുമെന്ന രഹസ്യ ധാരണയില്‍ യുഡിഎഫിലെത്തിയ മാണി സി കാപ്പന് പക്ഷെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പൂര്‍ണ സമ്മതം നല്‍കാന്‍ ഇതുവരെ കെപിസിസി തയ്യാറായിട്ടില്ല. തനിക്കൊപ്പം വലിയ നേതൃനിരയുണ്ടെന്ന അവകാശവാദവുമായി മുന്നണി വിട്ട കാപ്പനൊപ്പം പക്ഷെ പ്രധാനപ്പെട്ട നേതാക്കളാരും ഇതുവരെ യുഡിഎഫിനൊപ്പം ചേര്‍ന്നിട്ടില്ല.

യുഡിഎഫിലേക്കെന്ന് പ്രഖ്യാപിച്ച് കോട്ടയത്ത് രമേശ് ചെന്നിത്തലയുടെ ജാഥയ്ക്കൊപ്പം ചേര്‍ന്ന കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ഇനിയും നിരവധി നേതാക്കള്‍ തനിക്കൊപ്പം എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തും പാലായില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും യുഡിഎഫ് നേതാക്കളും പ്രചാരണം നടത്തി.

എന്നാല്‍ എന്‍സിപി എല്‍ഡിഎഫിനോടൊപ്പം തന്നെയാണെന്നും കാപ്പന്‍റെ അവകാശവാദം പൊള്ളയാണെന്നും പ്രഖ്യാപിച്ചു. പത്തുപേര്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചുവെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചെങ്കിലും അഞ്ചുപേര്‍ മാത്രമാണ് കാപ്പനൊപ്പം ഇതുവരെ യുഡിഎഫില്‍ ചേര്‍ന്നത്.

ഇതോടെ കാപ്പനെ മാത്രമായി യുഡിഎഫില്‍ എടുക്കുന്നതിനെതിരെ മുന്നണിയില്‍ തന്നെ പ്രതികരണമുണ്ടായി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അന്‍വറും കാപ്പന്‍റെ മുന്നണി പ്രവേശനത്തിന് പൂര്‍ണ സമ്മതം മൂളിയിട്ടില്ല. പാലായില്‍ സ്വതന്ത്ര്യാനായോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിക്കേണ്ടിവരുമെന്ന യുഡിഎഫിന്‍റെ പുതിയ നിലപാട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് മൂന്ന് സീറ്റുകള്‍ നേടിയെടുക്കുകയെന്ന മാണി സി കാപ്പന്‍റെ കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News