സാധാരണക്കാരന്‍റെ നാമമാത്രമായ സമ്പാദ്യം കൂടി കവര്‍ന്നെടുക്കുകയാണ് ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്രം: എ വിജയരാഘവന്‍

കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ അമിത വില ചുമത്തി സാധാരണക്കാരന്റെ അൽപസമ്പാദ്യംപോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവർന്നെടുക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫ്‌ വടക്കൻ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയിൽ കേൾക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണെന്നും വിജയരാഘവൻ പറഞ്ഞു.

സാധാരണക്കാരന്‌ വഹിക്കാൻ പറ്റുന്നതിനപ്പുറമാണ്‌ ഇന്ധനവില. പെട്രോളിന്‌ ലോകത്ത്‌ ഏറ്റവും കൂടുതൽ വില നൽകുന്ന ജനമായി നമ്മൾ. പ്രതിദിന വിലക്കയറ്റത്തിലൂടെ പെട്രോളിന്‌ 100 രൂപയായി.

അവശ്യവസ്‌തുക്കൾക്ക്‌ ഇതുണ്ടാക്കുന്ന വിലക്കയറ്റം രൂക്ഷമായി.പാചകവാതകത്തിന്‌ വില 800 രൂപയായി. സാധാരണക്കാരന്റെ വിഷമങ്ങൾ കാണാൻ കേന്ദ്രത്തിന്‌ കഴിയുന്നില്ല. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരണം.

വിലക്കയറ്റം പോലുള്ള ജനദ്രോഹത്തിനൊപ്പം സമൂഹത്തെ വലിയ തോതിൽ വർഗീയ വത്‌കരിക്കുകയാണ്‌ മോഡിസർക്കാർ. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭയപ്പെടുത്തുകയും വിദ്വേഷത്തിന്റെ രാഷ്‌ട്രിയം പ്രചരിപ്പിക്കുകയുമാണ്‌.

ഈ തീവ്രവാദ ഹിന്ദുത്വ മുൻഗണനകൾ ‌സമൂഹത്തിലുണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്‌. ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങൾ വേഗത്തിൽ നടപ്പാക്കി ആർഎസ്‌എസ്‌ അജണ്ട സഫലീകരിക്കനാണ്‌ മോഡി ഭരണകൂടം കഴിഞ്ഞ ഒരുവർഷത്തിലധികമായി പ്രവർത്തിക്കുന്നത്‌. ഏറ്റവും ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ച സർക്കാരാണ്‌ മോഡിയുടേത്‌.

ജനങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെ കൂടി കടന്നാക്രമിക്കുകയാണിപ്പോൾ. ഭിന്നസ്വരങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമാണ്‌ ജനാധിപത്യത്തിന്റെ അടിസ്‌ഥാനം. സാമൂഹ്യമാധ്യമങ്ങളിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത്‌ രാജ്യദ്രോഹകുറ്റമായി മാറുന്നു. ഈ ആശങ്കകൾ അടിയന്താരാവസ്‌ഥയിൽ കണ്ടതുപോലെ ഭയപ്പെടുത്തുന്നു.

വളരെ കൃത്യമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ പൂർത്തീകരിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ നാടിനൊപ്പം നിൽക്കുന്നത്‌. അടിസ്‌ഥാന സൗകര്യ വികസനത്തിൽ പാലങ്ങൾ, റോഡുകൾ, സ്‌കൂളുകൾ എന്നിവ നിർമ്മിച്ച്‌ ഉദ്‌ഘാടനം ചെയ്യുകയാണ്‌ ഇവിടെ. അല്ലാതെ ഉമ്മൻചാണ്ടി ഡ്രോൺ പറത്തി വിമാനത്താവളം ഉദ്‌ഘാടനം ചെയ്‌തതുപോലെയല്ല.

അത്തരത്തിൽ ഒരു സർക്കാർ നടപ്പാക്കുന്ന നല്ല കാര്യങ്ങളെല്ലാം തങ്ങൾ വന്നാൽ നിർത്തലാക്കുമെന്നാണ്‌ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ നേതാക്കളും പറയുന്നത്‌. എന്തുമാത്രം അവിവേകമാണിത്‌. പ്രതിപക്ഷ നേതാവ്‌ ചെന്നിത്തല നയിക്കുന്നത്‌ വിനാശ കേരളയാത്രയാണ്‌.

എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നടപടികൾ തകർക്കുമെന്നാണ് യുഡിഎഫ് ജാഥ പറയുന്നത്. ലൈഫ് പദ്ധതിയുടെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കും, കേരള ബാങ്ക് പിരിച്ചുവിടും എന്നെല്ലാമുള്ള ചെന്നിത്തലയുടെ പ്രഖ്യാപനം ജനങ്ങൾ തിരിച്ചറിയും .

ജനം ഇടതുപക്ഷത്തിനൊപ്പമാണ്‌ അണിനിരന്നതെന്ന്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും തെളിയിച്ചതാണ്‌.എൽഡിഎഫ്‌ ഭരണം തുടരണമെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. വിജയരാഘവൻ പറഞ്ഞു.

ന്യൂനപക്ഷ വിരുദ്ധത ഉയർത്തിപിടിച്ചാണ്‌ ഭൂരിപക്ഷ വർഗീയത വളരുന്നത്‌. ആ ഭൂരിപക്ഷ വർഗീയതക്ക്‌ കോർപ്പറേറ്റ്‌ സഹായവും ഉണ്ട്‌. അതുകൊണ്ട്‌തന്നെ ഭൂരിപക്ഷ വർഗീതയാണ്‌ വലിയ ഭീഷണിയെന്നും വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News