വാളയാര്‍ കേസ്:അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്
ഹൈക്കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി. അന്വേഷണം സി ബി ഐക്ക് വിട്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിക്ക‍ഴിഞ്ഞെന്നും ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വാളയാര്‍ കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യപ്രകാരം കേസന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സി ബി ഐക്ക് വിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സി ബി ഐയോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതെത്തുടര്‍ന്ന് സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. 10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിക്ക‍ഴിഞ്ഞെന്നും ഇനി തീരുമാനമെടുക്കേണ്ടത്
കേന്ദ്ര സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി 10 ദിവസം ക‍ഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി
മാറ്റി. സര്‍ക്കാരിന്‍റെയും പെണ്‍കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ പരിഗണിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കേസില്‍ പുനര്‍വിചാരണക്ക് നടപടികള്‍ ആരംഭിക്കാനിരിക്കെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അമ്മയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് വിട്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News