ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം; 30000 പേര്‍ക്ക് നേരിട്ടും 70000 പേര്‍ക്ക് പരോക്ഷമായും തൊ‍ഴില്‍ ലഭിക്കും

ഐ.ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു.

ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് നേരിട്ടും 70000 പേർക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴിൽ ലഭിക്കും.

ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.

800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here