മുംബൈയിലെ കൽബാദേവിയിലാണ് ഈ അപൂർവ്വ കാഴ്ച്ച. തെരുവോരത്തെ തട്ടുകടക്കാരന്റെ ദോശയുണ്ടാക്കുന്ന തനത് ശൈലിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഇഡ്ഡലിയും വടയും പോലെ മുംബൈവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഒന്നാണ് ദോശയും. മുംബൈയിലെ തട്ടുകടകളിൽ ദോശയുടെ വൈവിധ്യമാർന്ന ഇനങ്ങൾ ലഭ്യമാണ്. ഇതിനെല്ലാം കൗതുകകരമായ പേരുകളിട്ടാണ് വിൽപ്പനക്കാർ ഉപഭോക്താക്കളെ പലപ്പോഴും ആകർഷിക്കുന്നത്.
സൗത്ത് മുംബൈയിലെ മംഗൽദാസ് മാർക്കറ്റിലെ ശ്രീ ബാലാജി തട്ടുകടയിൽ ഉണ്ടാക്കുന്ന പ്രത്യേക ദോശകളാണ് അടുപ്പിൽ നിന്ന് നേരെ പ്ലേറ്റിലേക്ക് പറക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ അനായാസതയോടെയും കൃത്യമായ കൈവഴക്കത്തോടെയുമാണ് പാചകക്കാരൻ ഓരോ ദോശയും പ്ളേറ്റുകളിലേക്ക് പറപ്പിക്കുന്നത്. ഈ അപൂർവ്വ വൈഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പങ്ക് വച്ചതോടെയാണ് ശ്രദ്ധ നേടിയത്.
‘സ്ട്രീറ്റ് ഫുഡ് പാചകക്കുറിപ്പുകൾ’ എന്ന ഫേസ്ബുക്ക് പേജ് ഈ വീഡിയോ പങ്കിട്ടതോടെ വൈറൽ ആകുകയും ചെയ്തു. ദോശ വീഡിയോ ഇത് വരെ ഷെയർ ചെയ്തു കണ്ടത് 84.4 ദശലക്ഷത്തിലധികം പേരാണ് . ഇതിനോട് ആയിരങ്ങളാണ് അതിശയത്തോടെ പ്രതികരിച്ചത്. രാജകീയമായ ദോശ വിളമ്പൽ എന്ന ശീർഷകത്തോടെയാണ് ഈ വീഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.