പുതുച്ചേരിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കോണ്ഗ്രസ് സർക്കാരിന് നിർദേശം; 22ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

പുതുച്ചേരിയില്‍ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാന്‍ വി നാരായണസ്വാമി സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദേശം. നാല് എംഎല്‍എമാരുടെ രാജിയോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെയാണ് നിര്‍ദേശം. കേവല ഭൂരിപക്ഷത്തിന് 15 പേരുടെ പിന്തുണ വേണം. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും 14 അംഗങ്ങളാണുള്ളത്.

ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോ വാഴുമോയെന്ന് തിങ്കളാഴ്ചയറിയാം. നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവയ്ക്കുകയും ഒരു കോണ്‍ഗ്രസ് അംഗം അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ വി നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്ലോര്‍ ടെസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് നിവേദനം നല്‍കി.

തൊട്ട് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിനായി തിങ്കളാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. കൈ ഉയര്‍ത്തി നടക്കുന്ന വോട്ടെടുപ്പ് നടപടികള്‍ വീഡിയോഗ്രാഫ് ചെയ്യാന്‍ പ്രത്യേക നിര്‍ദേശമുണ്ട്. വൈകീട്ട് 5 മണിക്ക് മുന്‍പായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. എംഎല്‍എമാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഡിജിപിക്കാണ്.

ഭരണഘടനയുടെ 239 വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. കോണ്‍ഗ്രസ് 10 , ഡിഎംകെ 3 സ്വതന്ത്രന്‍ 1 എന്നിങ്ങനെ 14 പേരാണ് സര്‍ക്കാരിനൊപ്പമുള്ളത്. എന്‍ആര്‍ കോണ്‍ഗ്രസ് 7, ബിജെപി 3, എഐഡിഎംകെ 4 അടക്കം പ്രതിപക്ഷത്തും 14 പേരുണ്ട്.

33 അംഗ നിയമസഭയില്‍ 28 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 15 പേരുടെ പിന്തുണ. സര്‍ക്കാരിന്‍റെ ആയുസ് നീട്ടാന്‍ അവസാന വട്ട പരിശ്രമത്തിലാണ് മുഖ്യമന്ത്രി വി നാരായണ സ്വാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News