കൊവിഡ് പ്രതിസന്ധി: കേരളത്തിന്‍റെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിക്ക് യുനിസെഫിന്‍റെ അംഗീകാരം; കേരളത്തിന്‍റെ പ്രവര്‍ത്തനം വികസിത രാജ്യങ്ങള്‍ക്കുപോലും മാതൃകയെന്നും യുനിസെഫ്

കൊവിഡ് പ്രതിസന്ധികള്‍ കുട്ടികളില്‍ ഉണ്ടാക്കിയ മാനസിക ആഘാതത്തെ കുറിച്ചുള്ള പഠനത്തില്‍ കേരളത്തെ പ്രശംസിച്ച് യുനിസെഫ്. കൊവിഡ് കാലത്ത് സ്കൂളുകള്‍ ദീര്‍ഘകാലം അടച്ചിട്ടതോടെ വീടുകളിലേക്ക് ഒതുങ്ങിയ വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ അധ്യായനം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്നതിനിെ മറികടക്കാന്‍ കേരളം ആവിഷ്കരിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം, എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് യുനിസെഫിന്‍റെ പ്രശംസ. യുനിസെഫിന്‍റെ ചെന്നൈ യൂണിറ്റാണ് കേരളത്തില്‍ പഠനം നടത്തിയത്.

പ്രതിസന്ധികളില്‍ പതറിനില്‍ക്കാതെ പുതിയ വ‍ഴിവെട്ടി മുന്നോട്ടുപോവാനുള്ള കേരള ജനതയുടെ മനക്കരുത്താണ് കൊവിഡ് കാലത്ത് ലോകം കണ്ടത്. ആമുഖക്കുറിപ്പിൽ യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻട്രിയേറ്റ ഫോറെയുടെ നിരീക്ഷണം ഇങ്ങനെ ‘‘മഹാമാരികൾ അസമത്വം വർധിപ്പിക്കും, ആരോഗ്യസുരക്ഷയെ ബാധിക്കും, അക്രമം വർധിക്കും, ബാലവേല, ശൈശവ വിവാഹം എന്നിവയെല്ലാം വർധിക്കും. കൊഴിഞ്ഞുപോക്ക് നിരക്ക് കൂടും. വിദ്യാഭ്യാസരംഗത്ത് നേടിയ നേട്ടങ്ങളെയെല്ലാം ദോഷകരമായി ബാധിക്കും. ഇത്തരം ഭീതി നിലനിൽക്കുമ്പോഴാണ് എല്ലാ കുട്ടികളെയും ചേർത്തുപിടിച്ച്‌ കേരളം ജൂൺ ഒന്നിന് തന്നെ ഡിജിറ്റൽ ക്ലാസ് ആരംഭിച്ചത്’’.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തവര്‍ക്ക് അത് ഒരുക്കി നല്‍കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനതയോട് ആവശ്യപ്പെട്ടപ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കൊപ്പം നിന്നു. സംസ്ഥാനത്തെ മു‍ഴുവന്‍ വിദ്യാര്‍ത്ഥികളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിവൂടെ തങ്ങളുടെ ക്ലാസുകള്‍ ആസ്വാദിച്ച് തുടങ്ങി. കേരളത്തിന്‍റെ ഈ മാതൃക ലോകത്തിന് തന്നെ പുതിയ വ‍ഴിയും വെളിച്ചവുമായി. പലരും കേരളത്തിന്‍റെ ആരോഗ്യ രംഗത്തെ മാത്രമല്ല വിദ്യാഭ്യാസ രംഗത്തെയും ഈ മാതൃകയെ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊടുന്നനെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക്‌ മാറിയിട്ടും എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ കേരളത്തിനായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടത്താനായി. യൂണിസെഫ് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‌ കൈമാറി. തുടർന്ന്‌ അദ്ദേഹം മന്ത്രി സി രവീന്ദ്രനാഥിന് സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News