സര്‍ക്കാരിനൊപ്പം പൊതുസമൂഹം നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷമുണര്‍ത്തുന്ന കാര്യം ; മുഖ്യമന്ത്രി

സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണിന്ന് എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുമാണ്.

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ പദ്ധതികള്‍ തിരുവനന്തപുരത്ത് ആവിഷ്‌ക്കരിച്ചത് അതിവിപുലമായ ജനകീയ പങ്കാളിത്തത്തോടെ ആയിരുന്നു. എല്ലാ വാര്‍ഡുകളിലും ജനങ്ങളുമായി കണ്‍സള്‍ട്ടേഷനുകള്‍ സംഘടിപ്പിച്ചിരുന്നു. നഗരത്തിന്റെ വിവിധ കോണുകളില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണിന്ന്. സംസ്ഥാനത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുമാണ്.
പുഗലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (എച്.വി.ഡി.സി) ലൈനിന്റെ ഉദ്ഘാടനം നടക്കുകയാണ്. ഇതിന്റെ ഭാഗമായി 2000 മെഗാവാട്ട് ശേഷിയുള്ള എച്.വി.ഡി.സി സ്റ്റേഷന്‍ തൃശൂരില്‍ നിര്‍മിച്ചിട്ടുണ്ട്. 2017ല്‍ ആരംഭിച്ച ഈ ലൈനിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

പദ്ധതിയുടെ പേരില്‍ നഷ്ടങ്ങളുണ്ടായവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയും അതിന്റെ അധിക ബാധ്യത സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ഏറ്റെടുത്തും പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തിയും ഒക്കെയാണ് 4,000 കോടിയോളം രൂപ ചെലവുള്ള ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.

കാസര്‍കോട്ടുള്ള സോളാര്‍ പാര്‍ക്കില്‍ അമ്പലത്തറയില്‍ 50 മെഗാവാട്ട് നിലയം 2018ല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ പൈവളികയില്‍ കൂടി 50 മെഗാവാട്ട് നിലയം പൂര്‍ത്തിയായിരിക്കുന്നു. കേരളത്തില്‍ സോളാര്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് ഭൂമിയുടെ ലഭ്യത ഒരു വെല്ലുവിളി ഉയര്‍ത്തിയിരുന്നു എങ്കിലും ഇച്ഛാശക്തിയോടെയുള്ള നമ്മുടെ ഇടപെടലുകളാണ് അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്.

അരുവിക്കരയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 2018ലാണ് ആരംഭിച്ചത്. പ്രതിദിനം 75 മില്യണ്‍ ലിറ്റര്‍ വെള്ളം ട്രീറ്റ് ചെയ്യാന്‍ ശേഷിയുള്ള ഈ പ്ലാന്റ് 70 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ തിരുവനന്തപുരത്തെ 10 ലക്ഷത്തോളം ആളുകള്‍ക്ക് ഇപ്പോഴുള്ള പ്രതിദിന ജലലഭ്യത 100 ലിറ്ററില്‍ നിന്നും 150 ലിറ്റര്‍ ആയി ഉയര്‍ത്താന്‍ കഴിയും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയതിനെ തുടര്‍ന്നാണ് ജൂണ്‍ 2017ല്‍ മൂന്നാം റൗണ്ടിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിക്കൊണ്ട് കേരളത്തിന്റെ തലസ്ഥാനനഗരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായത്. കോര്‍പ്പറേഷനും, സംസ്ഥാന സര്‍ക്കാരും, കേന്ദ്രവും കൂടെ ചേര്‍ന്ന് 1,135 കോടി രൂപയുടെ പ്രവൃത്തികളാണ് തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. അതില്‍ 1,068.4 കോടി രൂപയുടെ പദ്ധതികളുടെ ടെണ്ടര്‍ നല്‍കിയിട്ടുണ്ട്.

അതില്‍ 94 കോടി രൂപ ചെലവു ചെയ്താണ് ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഐസിസിസി) യാഥാര്‍ത്ഥ്യമാക്കുന്നത്. കോര്‍പ്പറേഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ ഒരു കേന്ദ്രത്തില്‍ കൊണ്ടുവരാനും അങ്ങനെ ദുരന്തങ്ങളുള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ മികച്ച രീതിയില്‍ മറികടക്കാനുമാണ് ശ്രമിക്കുന്നത്. കോര്‍പ്പറേഷന്റെ വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാനും ജനങ്ങളും കോര്‍പ്പറേഷനും തമ്മിലുള്ള ഇടപെടലുകള്‍ കൂടുതല്‍ സുഗമമാക്കാനും ഐസിസിസി സഹായിക്കും.

തിരുവനന്തപുരം നഗരത്തിലുള്ള 37 കിലോമീറ്റര്‍ റോഡുകളെ 427 കോടി രൂപ ചെലവിട്ട് സ്മാര്‍ട്ട് റോഡുകളാക്കുകയാണ്. നടപ്പാതയും സൈക്കിള്‍ ട്രാക്കുമുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് റോഡുകളെ കൂടുതല്‍ സൗകര്യപ്രദമാക്കാനും സിസിടിവികള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമാണ് നാം ലക്ഷ്യമിടുന്നത്. ആധുനിക ഗതാഗത സൗകര്യങ്ങളുള്ള നഗരമാക്കി തിരുവനന്തപുരത്തെ മാറ്റിത്തീര്‍ക്കാന്‍ ഉതകുന്ന നടപടിയാണിത്.

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ പദ്ധതികള്‍ തിരുവനന്തപുരത്ത് ആവിഷ്‌ക്കരിച്ചത് അതിവിപുലമായ ജനകീയ പങ്കാളിത്തത്തോടെ ആയിരുന്നു. എല്ലാ വാര്‍ഡുകളിലും ജനങ്ങളുമായി കണ്‍സള്‍ട്ടേഷനുകള്‍ സംഘടിപ്പിച്ചിരുന്നു. നഗരത്തിന്റെ വിവിധ കോണുകളില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇത്തരത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും പുത്തന്‍ ഏടുകള്‍ രചിച്ചുകൊണ്ടാണ് സ്മാര്‍ട്ട് തിരുവനന്തപുരം പദ്ധതി നടപ്പാക്കുന്നത്. 

ഇത്തരത്തില്‍ നാടിന്റെ മുഖഛായ മാറ്റുന്ന നൂതനമായ പദ്ധതികള്‍ സംസ്ഥാനമെങ്ങും നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ഈ മാറ്റങ്ങള്‍ക്കു പുറകിലുണ്ട്. സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News