ഇന്ധന വിലവര്‍ധന; ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും

ഇന്ധനവിലവര്‍ധനയില്‍ ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും. പ്രതിപക്ഷത്തിരുന്ന കാലത്ത് കാളവണ്ടിയുന്തി പ്രതിഷേധിച്ചവരും അമ്പത് രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് വീമ്പിളക്കിയ നേതാക്കളും ഇന്ന് വിലവര്‍ധനയെ ന്യായീകരിക്കാന്‍ ലോകത്തെങ്ങുമില്ലാത്ത വാദങ്ങള്‍ നിരത്തുകയാണ്.

പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ ബിജെപി നേതാക്കള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ കാളവണ്ടി സമരം ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ അമ്പത് രൂപയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുമെന്ന് 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ചാനല്‍മുറികളില്‍ കയറിയിറങ്ങി കെ സുരേന്ദ്രന്‍ പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ വിലക്കയറ്റത്തിന്‍റെ ബിജെപിക്കാലത്ത് അവശ്യസാധനങ്ങള്‍ക്ക് വിലകൂടിയിട്ടില്ലെന്ന വിചിത്രവാദമാണ് സുരേന്ദ്രന്‍ പുറത്തിറക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം കാത്തിരിക്കെ പെട്രോളിന്‍റെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവയ്ക്കാനാണ് ബിജെപിയുടെ ശ്രമം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ പെട്രോളിന് 100 രൂപ കടന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നുണപ്രചരണം അരങ്ങേറുന്നത്. ആറ് വര്‍ഷമായി അവശ്യസാധനങ്ങള്‍ക്ക് വിലകൂടിയിട്ടില്ലെന്നും ഇത് കേന്ദ്രസര്‍ക്കാരിന്‍റെ കൃത്യമായ ധനകാര്യ മാനേജ്മെന്‍റിന്‍റെ വിജയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, പെട്രോള്‍ വിലവര്‍ധനയും രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന കോര്‍പ്പറേറ്റ് പ്രീണനത്തിന്‍റെയും വികലമായ സാമ്പത്തിക നയങ്ങളുടെയും ഭാഗമായാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

മോദി സര്‍ക്കാരിന്‍റെ കാലത്ത് പെട്രോളിന്മേലുള്ള ടാക്സ് വിഹിതം ആറ് തവണയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്മേല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്ന വില നിര്‍ണയാവകാശം കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് കമ്പനികള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

ഇതിനെതിരെ സമരം ചെയ്ത ബിജെപി, തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഡീസലിന്‍റെ വിലനിര്‍ണയാവകാശം കൂടി വിട്ടുനല്‍കി ജനദ്രോഹനയം തുടര്‍ന്നു. അതേസമയം, വിലവര്‍ധനവിന് പുതിയ ന്യായവാദങ്ങള്‍ ചമയ്ക്കുകയാണ് ബിജെപി നേതാക്കള്‍. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ് സാന്നിധ്യം കാര്യമായി കാണാനില്ലെന്നതും ചര്‍ച്ചാവിഷമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel