ഗോത്ര വിഭാഗങ്ങൾക്ക് സേവനങ്ങൾ ഇനി ഓൺലൈനിൽ; സ്മാർട്ട് കാർഡും നല്കും

സംസ്ഥാനത്തെ പട്ടികവർഗക്കാർക്കുള്ള വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ഓൺലൈനായി നല്കുന്ന പുതിയ പദ്ധതിയുടെയും വ്യക്തിഗത സ്മാർട്ട് കാർഡ് നല്കുന്നതിന്റെയും ഉദ്ഘാടനം വകുപ്പ് മന്ത്രി . എ കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പട്ടികവർഗ സമൂഹങ്ങളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിന്റെ നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഐ റ്റി വിഭാഗത്തിന്റെയും ഡൽഹി കേന്ദ്രമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെയും സാങ്കേതിക സഹായത്തോടെ സർവീസ് പ്ലസ് എന്ന സംവിധാനമുപയോഗിച്ചാണ് ഓൺലൈൻ സേവനങ്ങൾ നല്കുന്നത്.

ഇതോടു കൂടി ദുർഘട പ്രദേശങ്ങളിൽ അധിവസിക്കുന്ന പട്ടികവർഗക്കാർക്ക് സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവായിക്കിട്ടും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ സാമ്പത്തികാനൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തുന്ന സാഹചര്യവും സംജാതമാകും.

പട്ടികവർഗ പ്രമോട്ടർമാരുടെ സഹായത്തോടെയാണ് പദ്ധതി ഊരുകളിൽ നടപ്പിലാക്കുന്നത്. ഇതോടൊപ്പം എല്ലാ പട്ടികവർഗക്കാർക്കും മൈക്രോചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ് നല്കുന്നതാണ്. സർക്കാർ പദ്ധതികൾക്കും സേവനങ്ങൾക്കും അപേക്ഷിക്കുവാനും അർഹത നിർണയിക്കാനും ഈ സ്മാർട്ട് കാർഡ് സഹായമാകും.

ജാതി വരുമാന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി കാർഡ് ഉപയോഗിക്കാം. പട്ടികവർഗ വികസന വകുപ്പ് കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ വിപുലമായ സോഷ്യോ ഇക്കണോമിക്ക് സർവ്വേയുടെ ഡാറ്റാബാങ്കുമായി യോജിപ്പിച്ചാണ് രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത്.

പട്ടികവർഗ വികസ വകുപ്പ് ഡയറക്ടർ ഡോ. പി പുഗഴേന്തി അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ഡൽഹിയിൽ നിന്നും എൻ ഐ സി ഡയറക്ടർ ജനറൽ നീതാ വർമ്മ, ഐ റ്റി മിഷൻ ഡയറക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News