മറാഠി സിനിമാതാരങ്ങൾ കേരളീയ വേഷത്തിലെത്തി; അപൂർവ്വ സംഗമത്തെ ആഘോഷമാക്കി പ്രേക്ഷകരും

മുംബൈയിലെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു ഇന്ന് റിലീസ് ചെയ്ത പ്രീതം എന്ന മറാഠി ചിത്രത്തിലെ അഭിനേതാക്കളായ പ്രണവ് റാവ്‌റാനെ, നക്ഷത്ര മെഥേക്കർ, ഉപേന്ദ്ര ലിമായേ, അജിത് ദേവ്‍ലെ തുടങ്ങിയവർ അണിയറ പ്രവർത്തകരായ മലയാളികളോടൊപ്പം മുണ്ടും സെറ്റ് സാരിയും ധരിച്ചു സിനിമ കാണാനെത്തിയത്.

സിനിമ കാണാനെത്തിയ സാധാരണ പ്രേക്ഷകർക്ക് അപൂർവ്വ കാഴ്ചയൊരുക്കിയാണ് ഇവരെല്ലാം താനെ വിവിയാന മാളിലെ സിനിപോളിസ് സിനിമാസിൽ ചിത്രം കാണാനെത്തിയത്.

അപൂർവ്വമായ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ നിർമ്മാണം സംവിധാനം, കഥ, സംഗീതം തുടങ്ങിയ മേഖലകളെല്ലാം മുംബൈയിലെ ഒരു കൂട്ടം മലയാളികളായിരുന്നു കൈകാര്യ ചെയ്തത്. ഇതാദ്യമായാണ് മുംബൈയിൽ ഒരു ചിത്രം കാണുവാൻ ഇത്രയധികം മലയാളികളും മറാഠികളും ഒരുമിച്ചു തീയേറ്ററിൽ എത്തുന്നത്. രണ്ടു സംസ്കാരങ്ങളുടെ സംഗമവേദിയാകുകയായിരുന്നു മലയാളികൾ അണിയിച്ചൊരുക്കിയ ഈ മറാഠി ചിത്രം.

ആദ്യസിനിമ തന്നെ അന്യഭാഷയിൽ ചെയ്താണ് സംവിധായകൻ കണ്ണൂർ സ്വദേശിയായ സിജോ റോക്കി വ്യത്യസ്തനാകുന്നത്. കോവിഡ് പൊട്ടിപുറപ്പെട്ടതോടെ അനശ്ചിതാവസ്ഥയിലായ സിനിമ പല പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് തിയേറ്ററുകളിലെത്തിയത്. അണിയറ പ്രവർത്തകർക്ക് വലിയ വരവേൽപ്പാണ് ചിത്രത്തിന് താനെയിൽ സിനിമ കാണാനെത്തിയ സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത്.

പ്രീതത്തിന്റെ കഥ സംഭവിക്കുന്നത് മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിലാണ്. അതുകൊണ്ടാണ് ആദ്യം മലയാളത്തിൽ എടുക്കാനിരുന്ന ചിത്രം പിന്നീട് മാറി ചിന്തിച്ചു മറാഠിയിൽ ചെയ്യാമെന്ന് സിജോ തീരുമാനിച്ചത്.

മലയാളിയായ വിശ്വജിത് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഉച്ചസ്ഥായിലുള്ള ഗാനം പാടാൻ മറാഠി ഗായകർ വിസമ്മതിച്ചപ്പോഴാണ് ശങ്കർ മഹാദേവൻ പാടാൻ സമ്മതിക്കുകയും പാട്ട് മറാഠിയിലെ എക്കാലത്തെയും വലിയ ഹിറ്റാകുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here