കൂത്താട്ടുകുളത്ത് വന്നു തല്ലുമെന്ന് ജീത്തു ജോസഫ് !! ; ദൃശ്യം 2 സെറ്റിലുണ്ടായ സംഭവം വെളിപ്പെടുത്തി അജിത് കൂത്താട്ടുകുളം
മോഹൻലാലിന്റെ വിജയകരമായി ഓ ടി ടി യിൽ പ്രദർശനം തുടരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കവേയാണ് ചിത്രീകരണ സമയത്തുണ്ടായൊരു സംഭവം അജിത് കൂത്താട്ടുകുളം വെളിപ്പെടുത്തുന്നത്.
ചിത്രത്തിൽ ഏറെ നിർണായകമായ കഥാപാത്രത്തെയാണ് അജിത് അവതരിപ്പിച്ചത്. ടെലിവിഷനിലൂടെ സുപരിചിതനായ അജിത്തിന് നിനച്ചിരിക്കാതെ ലഭിച്ച അവസരമാണ് ദൃശ്യത്തിലെ സാക്ഷിയായെത്തുന്ന ജോസ് എന്ന കഥാപാത്രം.
ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ട് തീയേറ്ററിൽ നിന്ന് കൈയ്യടിച്ചിറങ്ങിയ ആളാണ് താനെന്ന് അജിത് പറയുന്നു. എന്നാൽ ഇതിനൊരു രണ്ടാം ഭാഗമുണ്ടാകുമെന്നോ അതിൽ അഭിനയിക്കാൻ കഴിയുമെന്നു കരുതിയിരുന്നില്ലെന്നുമാണ് അജിത് പറയുന്നത്.
ഈ സിനിമയുടെ തുടക്കം മുതൽ താൻ കടന്നു പോയത് വലിയൊരു മാനസിക സംഘർഷത്തിലൂടെയായിരുന്നുവെന്ന് അജിത് പറയുന്നു. ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ അത് തുടരുകയും ചെയ്തു. ചിത്രത്തിന്റെ പൂജ കഴിഞ്ഞുള്ള ആദ്യ ഷോട്ടിനായി ക്യാമറ വയ്ക്കുന്നത് തന്റെ മുഖത്തേക്കായിരുന്നുവെന്നാണ് ഇതിന് കാരണമായി അജിത് വ്യക്തമാക്കുന്നത്. അത് പോലെ തന്നെ ചിത്രത്തിന്റെ ഷെഡ്യുൾ പായ്ക്ക് അപ്പ് ആകുമ്പോഴും അവസാന ഷോട്ടിൽ അഭിനയിച്ചതും താനായിരുന്നുവെന്ന് അജിത് ഓർമ്മിക്കുന്നു.
അന്ന് ജീത്തു ജോസഫ് സെറ്റിൽ വച്ച് തമാശയായിട്ടാണെങ്കിലും തന്നോട് പറഞ്ഞതാണ് പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഉത്തരവാദിത്തമായി തന്നെ വേട്ടയാടിയതെന്നാണ് അജിത് ഇപ്പോൾ ആശ്വാസത്തോടെ പങ്കു വയ്ക്കുന്നത്. ഈ പടമെങ്ങാനും പൊളിഞ്ഞു പോയാൽ നിന്നെ ഞാൻ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്നായിരുന്നു സെറ്റിലുള്ളവരുടെ മുന്നിൽ വച്ച് അന്ന് ജീത്തു ജോസഫ് നൽകിയ താക്കീത്.
ഇന്നലെ ചിത്രം റിലീസ് ആയതിന് ശേഷമാണ് തനിക്ക് ആശ്വാസമായതെന്നും ചിത്രത്തിന്റെ വിജയത്തിൽ ഇന്ന് ഏറെ സന്തോഷമുണ്ടെന്നും അജിത് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയിൽ പറയുന്നു.
Attachments area
Get real time update about this post categories directly on your device, subscribe now.