പ്രതിപക്ഷത്തിനോട് കുറിക്ക് കൊള്ളുന്ന ചോദ്യവുമായി മുഖ്യമന്ത്രി

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓര്‍മയില്ലേ? എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലില്‍നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ വിദേശ ഭീമന്‍മാര്‍ക്ക് അവസരം നല്‍കിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്.

മത്സ്യബന്ധനത്തിനായി ആഴക്കടല്‍ വിദേശ കുത്തകകളൂടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോണ്‍ഗ്രസിന്റെ നയമല്ല, ഈ സര്‍ക്കാരിന്റേത്. ഇത്രയും കാലത്തെ പ്രവര്‍ത്തനം അര്‍ത്ഥസങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

കേരള സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിര്‍പ്പിനെ തുടര്‍ന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികള്‍ക്ക് നല്‍കിവന്നിരുന്ന അനുമതിപത്രം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രാഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടല്‍ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല.

ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News