കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറച്ച് കൊറോണ രോഗികള്‍ ഉണ്ടായിട്ടുള്ളത്; ഐസിഎംആറിന്റെ സെറൊ പ്രിവലന്‍സ് പഠന റിപ്പോര്‍ട്ട്

ഐസിഎംആറിന്റെ സെറൊ പ്രിവലന്‍സ് പഠനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മുമ്പ് വിശദീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറച്ച് കൊറോണ രോഗികള്‍ ഉണ്ടായിട്ടുള്ളത് എന്ന് വസ്തുനിഷ്ഠമായി അവരുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.

ഐസിഎംആര്‍ നടത്തിയ പ്രിവലന്‍സ് പഠനത്തില്‍ ഒരു സംസ്ഥാനത്തെയും മുഴുവന്‍ ജില്ലകളും പഠനവിധേയമാക്കാറില്ല. അത് അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. അതിനാല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായ സാമ്പിള്‍ കളക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഠനത്തിന്റെ അന്തിമഫലങ്ങള്‍ വൈകാതെ ലഭ്യമാകും. കേരളത്തിലുണ്ടായ കോവിഡ് വ്യാപനത്തെക്കുറിച്ച് വളരെ സമഗ്രമായ ചിത്രം ലഭിക്കാന്‍ ഈ പഠനം സഹായിക്കും.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗവ്യാപനം കുറഞ്ഞ തോതിലും, കാലതാമസമെടുത്തും ആണ് കേരളത്തില്‍ ഉണ്ടായതെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ അതിനു മുമ്പുള്ള മാസങ്ങളേക്കാള്‍ കൂടിയ നിരക്കില്‍ രോഗം വ്യാപിച്ചു എന്ന് നാം കണ്ടതാണ്.

നമ്മുടെ നിയന്ത്രണങ്ങളില്‍ ഉണ്ടായ ഇളവുകള്‍ അതിനു കാരണമായിട്ടുണ്ടാകാം. അക്കാര്യത്തില്‍ വ്യക്തിപരവും സാമൂഹികവും ആയ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി കര്‍ശനമായ ജാഗ്രത പുലര്‍ത്താനുള്ള ഉത്തരവാദിത്വം നാമോരുത്തരും ഏറ്റെടുക്കണം. രോഗം പിടിപെടാത്ത ഒരുപാടാളുകള്‍ കേരളത്തിലുള്ളതിനാല്‍, ഈ നിയന്ത്രണങ്ങള്‍ പാലിക്കാതെ നമുക്ക് മുമ്പോട്ടുപോകാന്‍ ആകില്ല.

രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗങ്ങളിലൊന്നാണ് വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരാകേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാകേണ്ടതില്ല. വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. ഇതുമായി കേന്ദ്രസര്‍ക്കാരിനെയും ബന്ധപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here