കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ ‘കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി’ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹു. കേരള ഗവര്‍ണറാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരള സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള’യുടെ പദവി ഉയര്‍ത്തിയാണ് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മംഗലപുരത്തുള്ള ടെക്‌നോസിറ്റിയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാനം.

സാധാരണക്കാരുടെ കുട്ടികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന വിദ്യാശ്രീ പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു. ഓണ്‍ലൈന്‍ പഠനം സാര്‍വത്രികമായ സാഹചര്യത്തിലാണ് ലാപ്പ്‌ടോപ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുത്തത്.

കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്റര്‍പ്രൈസസ്സ് ആരംഭിച്ച വിദ്യാശ്രീ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടവിന്റെ മൂന്നാം മാസം ലാപ്‌ടോപ്പ് നല്‍കും. കുറഞ്ഞത് പത്തുലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

എല്ലാവരിലേക്കും അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന ലാപ്ടോപ് ലഭ്യമാക്കി ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ പരിശ്രമത്തിന്റെ ഭാഗമാണ് വിദ്യാശ്രീ പദ്ധതി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയും കെഎസ്എഫ്ഇ ചിട്ടി വഴിയും കുടുംബശ്രീയുമായി സഹകരിച്ചും ലാപ്ടോപ് സ്വന്തമാക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കുകയാണ്. ഇതുവരെ 1,44,000 പേര്‍ പദ്ധതിയില്‍ ചേര്‍ന്നു. ഇതില്‍ 60,816 അംഗങ്ങള്‍ ലാപ്ടോപ്പിന് അപേക്ഷിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പഠനം സാര്‍വത്രികമായ സാഹചര്യത്തില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യത്തിനുതകുന്ന ലാപ്ടോപ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക ഏറ്റവും പ്രധാനമാണ്.

സാര്‍വത്രിക ഇന്റര്‍നെറ്റ് അവകാശം കൂടിയാകുന്നതോടെ വിജ്ഞാന സമൂഹമായി മുന്നേറാനുള്ള പശ്ചാത്തലം സമ്പൂര്‍ണമായി ഒരുങ്ങും. കെ ഫോണ്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും.

വിദ്യാഭ്യാസത്തിലും വിജ്ഞാന രൂപീകരണത്തിലും തൊഴില്‍ സൃഷ്ടിയിലും അതുവഴി നാടിന്റെ പുരോഗതിയിലും വിവര വിനിമയ സാങ്കേതികവിദ്യയെ സമ്പൂര്‍ണമായി വിളക്കിച്ചേര്‍ക്കുന്ന വിപുലമായ പരിപാടിയിലെ കണ്ണിയാണ് വിദ്യാശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ലാപ്ടോപ്പിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കെഎസ്എഫ്ഇ ചിട്ടിയില്‍ ഇനിയും ചേരാം. മാസം 500 രൂപവീതം 30 മാസം പണം അടയ്ക്കണം. തവണ മുടങ്ങാതെ പണം അടയ്ക്കുന്നവര്‍ക്ക് ഇളവു നല്‍കും. മൂന്നു മാസം പണം അടച്ചാല്‍ ലാപ്ടോപ് ലഭിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്‌ടോപ് ലഭിക്കും. വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും.

പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്‌സിഡി വേറെ ലഭിക്കും. പിന്നോക്ക-മുന്നോക്ക കോര്‍പറേഷനുകളും സബ്‌സിഡി നല്‍കും. കൊക്കോണിക്സ്, ലെനോവ, എച്ച്പി, ഏസര്‍ എന്നീ കമ്പനികളുടെ ലാപ്ടോപ്പുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here