കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് കേസുകളിലുണ്ടായ ഗണ്യമായ വർദ്ധനവ് മുംബൈ നഗരത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ബോധവത്കരണത്തിലൂടെയും നിയന്ത്രണങ്ങൾ കർശനമാക്കിയുമാണ് ജനസാന്ദ്രത കൂടുതലുള്ള നഗരം രോഗവ്യാപനത്തെ തടയുവാൻ ശ്രമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയിൽ 6,000 ത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം 27 ലക്ഷം രൂപയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴയായി ഈടാക്കിയത്. ഒറ്റ ദിവസം ഏകദേശം 13,592 പേർക്കാണ് പിഴയടച്ച രസീത് നൽകിയത്.
പ്രണയ ദിനത്തോടനുബന്ധിചു ഭാര്യയുമൊത്തൊരു ബൈക്ക് സവാരി നടത്തിയ ബോളിവുഡ് താരം വിവിക് ഒബ്‌റോയിയാണ് നഗരത്തിലെ കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് പോലീസ് പിടിയിലായത്. ഹെൽമെറ്റും മാസ്കും ധരിക്കാത്തതെയായിരുന്നു താരത്തിന്റെ വാലെന്റൈൻ ആഘോഷ യാത്ര. നിലവിലെ നിയമങ്ങൾ ലംഘിച്ചതിന് വിവേക് ഒബറോയിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു മുംബൈ പോലീസ് പിഴ ചുമത്തിയിരിക്കയാണ്.
ഹെൽമെറ്റും മാസ്കും ഇല്ലാതെ വാലന്റൈൻസ് ദിനമാഘോഷിക്കാൻ ഭാര്യയോടൊപ്പം നടത്തിയ ബൈക്ക് സവാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചതാണ് വിവേകിന് വിനയായത്.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ നഗരത്തിൽ നില നിൽക്കുന്ന കർശന നിയന്ത്രങ്ങൾ ലംഘിച്ചു കൊണ്ടായിരുന്നു മാസ്ക് ധരിക്കാതെയുള്ള യാത്ര.
ഇത് മറ്റുള്ളവരുടെ സുരക്ഷയെ കൂടി അപകടത്തിലാക്കുമെന്ന വാദവുമായി വീഡിയോ കണ്ട നെറ്റിസൺസ് രംഗത്തെത്തുകയായിരുന്നു. ഇതോടെ മാധ്യമ ശ്രദ്ധ നേടിയ സംഭവത്തിൽ മുംബൈ പോലീസ് നടനെതിരെ നടപടിയെടുത്തു. സാന്താക്രൂസ് ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപയുടെ ഇ-ചലാൻ താരത്തിന് നൽകിയത്.
ഫെബ്രുവരി 19 ന് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ വിവേക് ഒബറോയിക്കെതിരെ മാസ്ക്ക് ധരിക്കാത്തതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവേകിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് വെള്ളിയാഴ്ച പോയെങ്കിലും താരം ഇപ്പോൾ ദില്ലിയിലാണെന്ന് കണ്ടെത്തി.
Get real time update about this post categories directly on your device, subscribe now.